തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ കനത്ത മഴ, വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത

തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ കനത്ത മഴ, വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയതിനെ തുടര്‍ന്ന് കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവര്‍ഷം വീണ്ടും സജീവമാകുന്നതോടെ വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.

ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജൂലൈ ആറിനും കോഴിക്കോട് ഉള്‍പ്പെടെയുള്ള മൂന്ന് വടക്കന്‍ ജില്ലകളില്‍ ജൂലൈ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമായതിനാല്‍ ഈ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. മഴയ്ക്കൊപ്പം തന്നെ വടക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ടാകും.

ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ്, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കാന്‍ തയ്യാറാകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. രാത്രി കാലങ്ങളിലെ സുരക്ഷിതമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മലയോര മേഖലകളിലേക്കോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കോ ഉള്ള യാത്രകള്‍ പൂര്‍ണമായും നിയന്ത്രിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായത്തിനായി 1077, 1070 എന്നി ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കടലില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും 3.6 മീറ്റര്‍ വരെ ഉയരമുള്ള ശക്തമായ തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ശക്തമായ കടലാക്രമണ ഭീഷണിയുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ യാതൊരു കാരണവശാലും കടലില്‍ ഇറക്കരുതെന്നും ഹാര്‍ബറുകളില്‍ സുരക്ഷിതമായി കെട്ടിയിടണമെന്നും നിര്‍ദേശമുണ്ട്. തീരങ്ങളിലെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരത്തിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വിനോദ സഞ്ചാരികളും പൊതുജനങ്ങളും കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.