ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും എതിരെ പ്രതികാരത്തിന്റെ ആഹ്വാനമുയരുന്ന വേദി കൂടിയായി മാറുകയാണ് ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനിയുടെ മരണത്തിലെ ദുഖാചരണം.
ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല പ്രാര്‍ത്ഥനാ സമുച്ചയത്തിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ഇറാന്റെ ഉന്നത നേതൃത്വമെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. നാല് ദശകത്തോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനിയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് നിരവധി പേരാണ് ടെഹ്‌റാനിലെത്തുന്നത്. ട്രംപിനും നെതന്യാഹുവിനും എതിരെ കൊലവിളി മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. ഇരുവരേയും കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന പ്ലക്കാര്‍ഡുകളും കാണാം.
ഇറാന്റെ പതാകയും പ്രതികാരത്തിന്റെ അടയാളമായ ചുവന്ന പതാകകളും ജനങ്ങള്‍ കൈയിലേന്തിയിട്ടുണ്ട്. അമേരിക്കയുടേയും ഇസ്രായേലിന്റെയും അന്ത്യം എന്ന മുദ്രാവാക്യവുമുയര്‍ത്തുന്നുണ്ട്. 'ട്രംപിനേയും നെതന്യാഹുവിനേയും കൊലപ്പെടുത്തൂ' എന്ന പോസ്റ്ററുകളും ഗ്രാന്‍ഡ് മൊസല്ല പ്രാര്‍ത്ഥനാ സമുച്ചത്തിനരികിലായി പതിപ്പിച്ചിട്ടുണ്ട്.
'ഇനി മുതല്‍ ഈ കഫന്‍ പുടവ ഞങ്ങളുടെ മേലങ്കിയാണ്, നിങ്ങളുടെ രക്തം കൊണ്ട് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. ട്രംപിന്റെ കൊലപാതകം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ലോകത്തിലെ ഏറ്റവും നീചനായ മനുഷ്യന്‍ എന്തുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു? ട്രംപ് അധിക കാലം ലോകത്തുണ്ടാവില്ല.
നമ്മുടെ ഇമാമിനെ കൊന്നയാളെ നമ്മള്‍ എന്തിന് കൊല്ലാതിരിക്കണം? അങ്ങനെ ചെയ്തില്ലെങ്കില്‍ അത് അനാദരവായി മാറും'- പ്രാര്‍ത്ഥനകള്‍ക്ക് മുമ്പ് പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന കവി മുഹമ്മദ് റൂസി ഉച്ചഭാഷിണിയില്‍ കൂടി ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു.
ആയത്തുള്ള അലി ഖൊമേനിയുടെ മൃതദേഹത്തിനൊപ്പം തന്നെ നാല് കുടുംബാംഗങ്ങളുടേയും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ട്. സ്ത്രീകളടക്കം വന്‍ ജനപ്രവാഹമാണ് ടെഹ്‌റാനിലെ വലിയ പള്ളിയുടെ വിശാലമായ വളപ്പില്‍ എത്തിച്ചേരുന്നത്. ഈ പള്ളിമുറ്റത്ത് വെച്ചാണ് ഖൊമേനി മുഹറം പ്രഭാഷണം നടത്തിയിരുന്നത്.
അതേസമയം ഇറാന്‍ പരമോന്നത നേതാവും ആയത്തുള്ള അലി ഖൊമേനിയുടെ മകനുമായ മൊജ്താബ ഖൊമേനി സുരക്ഷാ കാരണങ്ങളാല്‍ സംസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടുനില്‍കുന്നതായാണ് വിവരം. ഇസ്രയേല്‍ ഭീഷണിയുള്ളതിനാല്‍ മൊജ്താബ ചടങ്ങില്‍ പങ്കെടുത്തേക്കില്ല എന്നുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായത്.
ഫെബ്രുവരി 28 നായിരുന്നു അമേരിക്ക- ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഖൊമേനി കൊല്ലപ്പെട്ടത്. 14 മാസം മാത്രം പ്രായമുള്ള പേരമകള്‍ സഹ്‌റ അടക്കം നാല് കുടുംബാംഗങ്ങളും അദേഹത്തിനൊപ്പം കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.