ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹിന്ദു വിഭാഗത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ച് സര്‍ക്കാര്‍. 2025 ലെ വഖഫ് ഭേദഗതി നിയമപ്രകാരമാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നടപടി.
ഇതോടെ രാജ്യത്ത് ആദ്യമായി വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. സംസ്ഥാന വഖഫ് ബോര്‍ഡില്‍ മുസ്ലീം ഇതര മതസ്ഥരും അംഗങ്ങളാകണമെന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് മോഹന്‍ യാദവ് സര്‍ക്കാരിന്റെ നടപടി.
പത്തംഗ സംസ്ഥാന വഖഫ് ബോര്‍ഡില്‍ സന്‍വാര്‍ പട്ടേലാണ് ചെയര്‍മാന്‍. മനോജ് മല്‍പാനി, അനിമേഷ് ഭാര്‍ഗവ എന്നിവരാണ് ബോര്‍ഡിലെ ഹിന്ദു അംഗങ്ങള്‍. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഞായറാഴ്ച സര്‍ക്കാര്‍ പുറത്തിറക്കി.
വഖഫ് നിയമത്തിലെ സെക്ഷന്‍ 12(1) പ്രകാരമാണ് സര്‍ക്കാര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചത്. പുതിയ ബോര്‍ഡില്‍ നജ്മ ഹെപ്തുള്ള, ആതിഫ് അഖീല്‍, ഫൈസാന്‍ ഖാന്‍, ഫാത്തിമ ചൗധരി, ഷയ്‌സ്ത സുല്‍ത്താന്‍, ഷബാന ഖാന്‍, മനോജ് മല്‍പാനി, അനിമേഷ് ഭാര്‍ഗവ എന്നിവരാണ് അംഗങ്ങള്‍. പിന്നാക്ക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണര്‍ ബോര്‍ഡിലെ എക്‌സ് ഒഫീഷ്യോ അംഗമായി പ്രവര്‍ത്തിക്കും.
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ മേല്‍നോട്ടവും ഭരണവുമാണ് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചുമതല. 1995 ലെ വഖഫ് നിയമം അനുസരിച്ച് മുസ്ലീം വിഭാഗക്കാരെ മാത്രമായിരുന്നു വഖഫ് ബോര്‍ഡില്‍ അംഗങ്ങളായി നിയമിക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന വഖഫ് ഭേദഗതി പ്രകാരം, വഖഫ് ബോര്‍ഡില്‍ രണ്ട് മുസ്ലീം ഇതര മതസ്ഥരെയും അംഗങ്ങളായി നിയമിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.