ദുബായ് : അത്യാധുനിക സുരക്ഷാ ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 902 വ്യാജ യാത്രാ രേഖകള്‍ കണ്ടെത്തിയതായി ദുബായ് താമസ, കുടിയേറ്റ (ജി.ഡി.ആര്‍.എഫ്.എ) വകുപ്പ്.
2025 ലും ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലുമായാണ് ഇത്രയും ക്രമക്കേടുകള്‍ കണ്ടെത്തിയത്. അതിര്‍ത്തി സുരക്ഷയിലും യാത്രാ രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിലും ലോകോത്തര നിലവാരത്തിലുള്ള പരിശോധന ഏര്‍പ്പെടുത്തിയതിനാലാണ് ഇതിനു സാധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ജി.ഡി.ആര്‍.എഫ്.എയുടെ ഡോക്യുമെന്റ്‌സ് ഇന്‍സ്‌പെക്ഷന്‍ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. ഒന്നര വര്‍ഷത്തിനിടെ ആകെ 20,307 യാത്രാ രേഖകളാണ് വിശദ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ഇതില്‍നിന്നുമാണ് 902 ക്രമക്കേടുകള്‍ കണ്ടെത്തിയത്. പാസ്പോര്‍ട്ടുകള്‍, പ്രിന്റഡ് വിസകള്‍, ഇലക്‌ട്രോണിക് വിസകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
2025 ല്‍ 15,746 രേഖകളും ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ 4,561 രേഖകളും പരിശോധിച്ചു. വിവരങ്ങള്‍ തിരുത്തല്‍, ചിത്രങ്ങള്‍ ഡിജിറ്റലായി മാറ്റം വരുത്തല്‍ തുടങ്ങിയവയാണ് യാത്രാരേഖകളില്‍ കണ്ടെത്തിയ പ്രധാന ക്രമക്കേടുകളെന്ന് അധികൃതര്‍ വ്യക്തമാക്കി.
2025 ല്‍ 689 കേസുകളും ഈ വര്‍ഷം ആദ്യ പകുതിയില്‍ 213 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജി.ഡി.ആര്‍.എഫ്.എയുടെ അധ്യാധുനിക പരിശോധന സംവിധാനത്തെക്കുറിച്ച് പഠിക്കാനായി വിദേശങ്ങളില്‍ നിന്ന് വിദഗ്ധര്‍ ദുബായിലെത്താറുണ്ട്.
ദുബായ് വിമാനത്താവളങ്ങളിലെ പരിശോധനാ സംവിധാനങ്ങള്‍ക്ക് ആഗോളതലത്തില്‍ വിശ്വാസം നേടിയെടുക്കാന്‍ ഡിജിറ്റൈസേഷന്‍ വഴി സാധിച്ചിട്ടുണ്ടെന്ന് താമസ, കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മുഹമ്മദ് അഹമദ് അല്‍ മര്‍റി പറഞ്ഞു. മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കായി നൂതന സാങ്കേതിക വിദ്യ അത്യാവശ്യമാണെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.