'140 കോടി ജനങ്ങളുള്ള ഇന്ത്യ എന്ന ഒരു 'ചെറിയ രാജ്യം' ഞങ്ങള്‍ക്കൊപ്പമുണ്ട്': വാന്‍സിന് മറുപടിയുമായി നെതന്യാഹു

'140 കോടി ജനങ്ങളുള്ള ഇന്ത്യ എന്ന ഒരു 'ചെറിയ രാജ്യം' ഞങ്ങള്‍ക്കൊപ്പമുണ്ട്': വാന്‍സിന് മറുപടിയുമായി നെതന്യാഹു

ടെല്‍ അവീവ്: അമേരിക്ക മാത്രമാണ് ഇസ്രയേലിന്റെ ഏക സഖ്യകക്ഷിയെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.

'ഇസ്രയേലിന്റെ ഏറ്റവും അടുത്തതും ശക്തവുമായ സഖ്യകക്ഷി ഒരുപക്ഷേ അമേരിക്കയായിരിക്കാം. എന്നാല്‍ അവര്‍ മാത്രമല്ല ഞങ്ങള്‍ക്കൊപ്പമുള്ളത്. ഇസ്രയേലിന്റെ ഏറ്റവും ശക്തരായ അന്താരാഷ്ട്ര പങ്കാളികളിലൊന്ന് ഇന്ത്യയാണ്' - നെതന്യാഹു വ്യക്തമാക്കി.

ഇറാനുമായുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന കരാറിനെ വിമര്‍ശിക്കുന്നതിന് പകരം അതിനെ പിന്തുണയ്ക്കാന്‍ ഇസ്രയേലിനോട് വാന്‍സ് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോക്‌സ് ന്യൂസിന്റെ 'സണ്‍ഡേ ബ്രീഫിംഗ്' അഭിമുഖത്തില്‍ നെതന്യാഹുവിന്റെ നിര്‍ണായക പ്രതികരണം.

വൈറ്റ് ഹൗസിന് പുറമെ ഇസ്രയേലിന് മറ്റു ചില സുഹൃത്തുക്കള്‍ കൂടി ഉണ്ടെന്ന് അല്‍പം പരിഹാസത്തോടെയാണ് നെതന്യാഹു മറുപടി നല്‍കിയത്. 'ഞങ്ങള്‍ക്ക് മറ്റു ചില സുഹൃത്തുക്കള്‍ കൂടിയുണ്ട്. ഇന്ത്യ എന്ന് പേരുള്ള ഒരു ചെറിയ രാജ്യം പോലെ. അവിടെ 140 കോടി ജനങ്ങളുണ്ട്. അവിടെ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ പിന്തുണയാണ്,- അദേഹം പറഞ്ഞു.

വാന്‍സുമായി നല്ല പ്രവര്‍ത്തന ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ നെതന്യാഹു ' അമേരിക്ക മാത്രം സഖ്യകക്ഷി' എന്ന പരാമര്‍ശം തള്ളിക്കളഞ്ഞു. 'അദേഹവും ഞാനും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്, പക്ഷേ അതിനര്‍ത്ഥം അദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു എന്നല്ല'- നെതന്യാഹു പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ ഇറാനുമായുള്ള സമാധാന കരാറിനെ ന്യായീകരിക്കുന്നതിനിടയില്‍ വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലും പിന്നീട് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലും യുഎസ്-ഇറാന്‍ ധാരണാ പത്രത്തെ പരസ്യമായി ആക്രമിക്കുന്നതിന് പകരം അമേരിക്കയുടെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് വാന്‍സ് ഇസ്രയേല്‍ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.