കുട്ടനാടിന്റെ ജീവനെടുക്കുന്ന മാരകരോഗങ്ങൾ

കുട്ടനാടിന്റെ ജീവനെടുക്കുന്ന മാരകരോഗങ്ങൾ

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ പ്രകൃതിരമണീയമാക്കുന്ന പ്രദേശങ്ങളിൽ മുൻപന്തിയിലാണ് കുട്ടനാട്. കായലുകളും വയലുകളും വള്ളവും വെള്ളവും കേരനിരകളുമെല്ലാം മനസ്സിൽ ഗൃഹാതുരത്വത്തിന്റെ ഹരിതവർണ്ണം ചാലിക്കുന്ന മനോഹര ഭൂമി. ഇത് ദൈവത്തിന്റെ സ്വന്തം നാടിനെ കമനീയമാക്കുന്ന ഒരു ദൃശ്യവിസ്മയമാണ്.

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2.2 മീറ്റർ താഴെ സ്ഥിതി ചെയ്യുന്ന, ലോകത്തിലെ തന്നെ അപൂർവ്വം ചില പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കുട്ടനാടിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്കൊഴുകിയെത്തുന്നു.

എന്നാൽ ഇന്ന് കുട്ടനാട്ടുകാർ പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഉൾക്കരുത്ത് അവർക്കുണ്ട്. മുൻകാലങ്ങളിൽ കുട്ടനാട്ടുകാർ അനുഭവിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് പ്രളയമായിരുന്നു.

സമുദ്രനിരപ്പിനു താഴെയുള്ള ഈ ഭൂപ്രദേശം വർഷത്തിൽ പലതവണ വെള്ളത്തിൽ മുങ്ങുന്നതും വീടുകളിൽ വെള്ളം കയറുന്നതും അവരെ വല്ലാതെ വലച്ചിരുന്നു. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറിയിരിക്കുന്നു. വെള്ളപ്പൊക്കത്തെ മറികടക്കുന്ന നിർമ്മാണരീതികളും അതിനെ അതിജീവിക്കാനുള്ള മാനസിക ദൃഢതയും കരുത്തുമെല്ലാം കുട്ടനാട്ടുകാർ ആർജ്ജിച്ചെടുത്തു കഴിഞ്ഞു. ഒരു പരിധിവരെ വർഷാവർഷം എത്തുന്ന വെള്ളപ്പൊക്കത്തെ നേരിടാൻ അവർ പഠിച്ചുകഴിഞ്ഞു. അങ്ങനെ അതിജീവനത്തിന്റെ കഥ പറഞ്ഞ നാടായിരുന്നു കുട്ടനാട്.

എന്നാൽ, ഇന്ന് കുട്ടനാട്ടുകാർ നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധി നാട്ടിൽ പടർന്നു പന്തലിക്കുന്ന മാരകരോഗങ്ങളാണ്; പ്രത്യേകിച്ചും ക്യാൻസർ പോലെയുള്ള അസുഖങ്ങൾ. എന്താവാം ഇതിനു പിന്നിലുള്ള കാരണം? നമുക്കൊന്ന് ചിന്തിക്കാം.

കുട്ടനാട്ടുകാർ പൊതുവേ കഠിനാധ്വാനികളാണ്. പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ചു പൊരുതി മുന്നേറുന്നവരാണവർ. ഇത്രയും കഠിനാധ്വാനികളായ മനുഷ്യർക്കിടയിൽ എങ്ങനെയാണ് ഇത്തരം രോഗങ്ങൾ പടരുന്നത്? സാധാരണഗതിയിൽ ചിട്ടയില്ലാത്ത ജീവിതശൈലിയും ആഹാരക്രമങ്ങളുമൊക്കെയാണ് ഇതിന് കാരണമാകാറുള്ളത്. എന്നാൽ കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം അവർ നിത്യവും അധ്വാനിക്കുന്നവരും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നവരുമാണ്. പിന്നെന്താകാം ഇതിനു പിന്നിലെ കാരണങ്ങൾ?

അധ്വാനശീലമുള്ള, നല്ല നടത്തമുള്ള, വീട്ടിലെ സദ്ഭക്ഷണം കഴിക്കുന്ന കുട്ടനാട്ടുകാർക്ക് എങ്ങനെ ക്യാൻസർ പോലെയുള്ള രോഗങ്ങൾ പിടിപെടുന്നു എന്നതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്:

1. മലിനജലത്തിന്റെ വ്യാപനം: പ്രളയകാലത്തുണ്ടാകുന്ന മലിനജലം വീടുകളിലും പുരയിടങ്ങളിലും കയറുകയും ഇത് പലവിധ പകർച്ചവ്യാധികൾക്കും മറ്റ് രോഗങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുന്നു.
2. കീടനാശിനികളുടെ അമിത ഉപയോഗം: മറ്റൊരു പ്രധാന കാരണം നമ്മുടെ പുരയിടങ്ങളിലും പുഴയിലും പാടങ്ങളിലും പോളയും പുല്ലുമൊക്കെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന വീര്യമേറിയ കീടനാശിനികളാണ്. ഇവ വെള്ളത്തിലൂടെയും വായുവിലൂടെയുമൊക്കെ നമ്മുടെ ശരീരത്തിനുള്ളിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതീവ മാരകമായ ഇത്തരം വിഷാംശങ്ങൾ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. വയലുകളിലെ വിളവ് കൂട്ടാനായി പല ഘട്ടങ്ങളിലായി ഉപയോഗിക്കുന്ന കീടനാശിനികൾ അന്തരീക്ഷത്തിൽ പടരുകയും, കാറ്റിലൂടെ ശ്വസിക്കുമ്പോൾ അത് ശ്വാസകോശത്തിൽ എത്തിപ്പെടുകയും ചെയ്യുന്നു.
3. ജലസ്രോതസ്സുകളുടെ മലിനീകരണം: പരിസരപ്രദേശങ്ങളിൽ കരകൃഷിക്കും പുല്ലു നശിപ്പിക്കാനുമൊക്കെയായി ഉപയോഗിക്കുന്ന കീടനാശിനികൾ മണ്ണിലിറങ്ങി നമ്മുടെ ജലസ്രോതസ്സുകളെ മലിനമാക്കുന്നു. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഇത്തരം അപകടകാരികളായ രാസവസ്തുക്കൾ പതിയെ കിണറുകളിൽ എത്തപ്പെടുകയും, നാം ആ വെള്ളം പാചകത്തിനും കുടിക്കാനുമൊക്കെയായി ഉപയോഗിക്കുകയും ചെയ്യുമ്പോൾ നാമറിയാതെ തന്നെ വിഷാംശം ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് മാരകരോഗങ്ങൾക്ക് കാരണമാകാം.
4. മണ്ണും കായലുകളും വിഷമയമാകുന്നു: പുരയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ മണ്ണിലിറങ്ങുന്നതോടെ മണ്ണിന്റെ സ്വാഭാവിക ഗുണം നഷ്ടപ്പെടുകയും മണ്ണ് നിർജ്ജീവമാകുകയും ചെയ്യുന്നു. ഒപ്പം തന്നെ വയലുകൾ കൃഷിക്കായി ഒരുക്കുന്ന വേളയിൽ, കണ്ടത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം അടുത്തുള്ള ജലസ്രോതസ്സുകളിലേക്ക് പമ്പുകൾ ഉപയോഗിച്ച് തള്ളിവിടുന്നു. മലിനവും വിഷമയവുമായ ഈ ജലം നമ്മുടെ ചെറുതോടുകൾ, ആറുകൾ, കായലുകൾ, പുഴകൾ എന്നിവയെ ദോഷകരമായി ബാധിക്കുന്നു. ഈ ജലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ അത് മനുഷ്യശരീരത്തിൽ എത്തിപ്പെട്ട് രോഗങ്ങൾക്ക് വഴിവെക്കുന്നു.

ഇതൊക്കെയാകാം കുട്ടനാടെന്ന കേരളത്തിന്റെ മനോഹാരിതയ്ക്ക് തിളക്കമേകുന്ന നാടിനെ ഉലയ്ക്കുന്ന തരത്തിൽ ക്യാൻസർ പോലെയുള്ള അത്യന്തം അപകടകാരികളായ രോഗങ്ങൾ പടരാനുള്ള കാരണങ്ങൾ.

എങ്കിലും ഇതൊക്കെയും അനുമാനങ്ങൾ മാത്രമാണ്. ഇതിന്റെ യഥാർത്ഥ കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി തിരുത്തേണ്ടതുണ്ട്. അതിനായി ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. മനുഷ്യജീവന് ഭീഷണിയാകുന്ന ക്യാൻസർ കുട്ടനാട്ടിലെ പല ഗ്രാമങ്ങളിലും പടരാനുള്ള യഥാർത്ഥ ശാസ്ത്രീയ കാരണങ്ങൾ കണ്ടെത്താൻ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടലും സത്വരനടപടികളും ഉണ്ടാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ഈ വിപത്ത് നമ്മുടെ നാട്ടിൽ നിന്നും തുടച്ചുനീക്കിയേ പറ്റൂ. കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്ന കുട്ടനാടിനെ കാർന്നുതിന്നുന്ന ഇത്തരം വിഷം കലർന്ന കീടനാശിനികളുടെ ഉപയോഗം പൂർണ്ണമായും നിർത്തുവാനും, മനുഷ്യർക്ക് ഹാനികരമല്ലാത്ത ജൈവ/തരക്കേടില്ലാത്ത കീടനാശിനികൾ ഉപയോഗിക്കുവാനും നാം തയ്യാറാകണം. അതിനുവേണ്ട എല്ലാ നടപടികളും അധികാരികൾ എത്രയും വേഗം കൈക്കൊള്ളണം. ഇതിനായുള്ള ഞങ്ങളുടെ ശുപാർശകൾ താഴെ ചേർക്കുന്നു:

1. കുട്ടനാട്ടിൽ പടരുന്ന ക്യാൻസർ പോലുള്ള ജീവന് ഭീഷണിയായ രോഗങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യമായ ഒരു സർവ്വേ (കണക്കെടുപ്പ്) തയ്യാറാക്കണം.
2. അതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുകയും രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തുകയും വേണം.
3. രോഗബാധയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും ഇവയെ നിയന്ത്രിക്കാനുമുള്ള ശാസ്ത്രീയ പഠനങ്ങൾ നടക്കണം.
4. ജീവന് ഭീഷണിയാകുന്ന ഇത്തരം മാരക കീടനാശിനികളുടെ പ്രയോഗം വയലുകളിലും പുരയിടങ്ങളിലും പുഴകളിലും കർശനമായി നിയന്ത്രിക്കണം.
5. ആലപ്പുഴ ജില്ലയിൽ ഒരു അത്യാധുനിക ക്യാൻസർ സെന്റർ സ്ഥാപിക്കാനുള്ള സാധ്യതകൾ പഠിക്കുകയും അതിനായുള്ള ശ്രമങ്ങൾ ഉണ്ടാവുകയും വേണം.

നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനെടുക്കുന്ന, നമ്മുടെ നാടിനെയും കുടുംബങ്ങളെയും ഇരുട്ടിൽ തള്ളുന്ന ഇത്തരം മാരകരോഗങ്ങൾ പടരാനുള്ള കാരണം കണ്ടുപിടിക്കാനും അവയെ അമർച്ച ചെയ്യാനുമുള്ള പരിശ്രമങ്ങളിൽ നമുക്ക് കൈകോർക്കാം, ഒരുമിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.