ഇസ്ലമബാദ്: രാജ്യത്ത് അതിവേഗം കുതിച്ചുയരുന്ന ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ബൃഹത്തായ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും. വന്‍ തോതിലുള്ള ജനപ്പെരുപ്പം സൃഷ്ടിക്കുന്ന സാമ്പത്തിക, സാമൂഹിക പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രൂപീകരിച്ച ഉന്നതതല സമിതിയിലാണ് ജനറല്‍ അസിം മുനീറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ധനകാര്യം, ആസൂത്രണം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം സൈനിക തലവനെക്കൂടി പങ്കാളിയാക്കിക്കൊണ്ട് വിഷയത്തില്‍ ശക്തമായ ഇടപെടലിനാണ് സര്‍ക്കാരിന്റെ തീരുമാനം. ജനസംഖ്യാ നയത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത രണ്ട് സെനറ്റ് കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാല്‍ ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്. ജനസംഖ്യാ നിയന്ത്രണം ദേശീയ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന വിലയിരുത്തലിലാണ് പ്രതിരോധ വിഭാഗത്തെയും ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്.
നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാക്കിസ്ഥാന്‍. പ്രതിവര്‍ഷം 6.7 ദശലക്ഷത്തോളം കുട്ടികളാണ് ഇവിടെ ജനിക്കുന്നത്. നിലവിലെ വളര്‍ച്ചാ നിരക്ക് തുടര്‍ന്നാല്‍ 2030 ഓടെ പാകിസ്ഥാന്‍ ഇന്തൊനീഷ്യയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്തുമെന്നാണ് ആഗോള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബോധവല്‍ക്കരണത്തിലൂടെയും കുടുംബസൂത്രണ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെയും വാര്‍ഷിക ജനസംഖ്യാ വളര്‍ച്ചയില്‍ ചുരുങ്ങിയത് 1.5 ദശലക്ഷത്തിന്റെയെങ്കിലും കുറവ് വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.