ന്യൂഡല്‍ഹി: ദേശീയഗീതവും ദേശീയഗാനവും ആലപിക്കുന്നതിനുള്ള പ്രോട്ടോക്കോളില്‍ നിര്‍ണായക പരിഷ്‌കാരങ്ങള്‍ വരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവിറക്കി. രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും വന്ദേമാതരവും ജനഗണമനയും മുഴുവനായി ആലപിക്കണമെന്ന് കേന്ദ്രം കശനമായി നിര്‍ദേശിക്കുന്നു.
പരിഷ്‌കരിച്ച പ്രോട്ടോക്കോള്‍ പ്രകാരം മൂന്ന് മിനിറ്റും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വന്ദേമാതരത്തിലെ എല്ലാ ഖണ്ഡങ്ങളും ആദ്യം ആലാപനം ചെയ്യണം. ഇതിന് തൊട്ടുപിന്നാലെ 52 സെക്കന്‍ഡ് നീളുന്ന ജനഗണമന മുഴുവനായി ആലപിക്കണം. ആകാശവാണി വഴി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും പരേഡിനായി ദേശീയപതാക കൊണ്ടുവരുമ്പോഴും തുടക്കത്തിലും ഒടുക്കത്തിലും ഇവയുടെ ആലാപനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സിവില്‍, സൈനിക ചടങ്ങുകള്‍, സിവില്‍ ബഹുമതിദാന ചടങ്ങുകള്‍, സ്ഥാനാരോഹണങ്ങള്‍, പരേഡുകള്‍, നാവിക പതാക ഉയര്‍ത്തല്‍ തുടങ്ങിയ പ്രധാന വേളകളിലെല്ലാം ഈ പുതിയ രീതി പിന്തുടരേണ്ടതുണ്ട്.
സംസ്ഥാന ഗീതങ്ങള്‍ ആലപിക്കുന്ന രീതി നിലവിലുള്ള തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍, അവ ആദ്യവും അതിന് ശേഷവും മാത്രം ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കണമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിദേശ നയതന്ത്ര പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും വിദേശ അതിഥികള്‍ക്കുള്ള ആദരവിലും ആദ്യം അതത് വിദേശരാജ്യത്തിന്റെ ദേശീയഗാനവും രണ്ടാമത് ഇന്ത്യയുടെ ദേശീയ ഗാനവുമാണ് ആലപിക്കേണ്ടത്. അതേസമയം ഔദ്യോഗിക വിരുന്നുകളില്‍ ജനഗണമനയുടെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ രൂപവും ഉപയോഗിക്കാം.
ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുമ്പോള്‍ കൃത്യമായ ഉച്ചാരണവും ഭാഷാ ശുദ്ധിയും വരികളുടെ കൃത്യതയും പാലിക്കണമെന്ന് പുതിയ മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നു. ആലാപന സമയത്ത് സദസ് അറ്റന്‍ഷനായി നില്‍ക്കേണ്ടതുണ്ടെങ്കിലും ഏതെങ്കിലും സിനിമ, ഡോക്യുമെന്ററി, ന്യൂസ് റീല്‍ എന്നിവയുടെ ഭാഗമായി ഇവ കേള്‍ക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.