ആകാംക്ഷകള്‍ക്ക് വിരാമം: ഖൊമേനിയുടെ സംസ്‌കാരച്ചടങ്ങില്‍ മാസ്‌ക് ധരിച്ചെത്തിയ വി.ഐ.പി മുജ്താബയല്ല, അത് ചെറുമകന്‍ !

ആകാംക്ഷകള്‍ക്ക് വിരാമം: ഖൊമേനിയുടെ സംസ്‌കാരച്ചടങ്ങില്‍ മാസ്‌ക് ധരിച്ചെത്തിയ വി.ഐ.പി മുജ്താബയല്ല, അത് ചെറുമകന്‍ !

ടെഹ്‌റാന്‍: ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ സംസ്‌കാരച്ചടങ്ങില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വിരാമം. ചടങ്ങില്‍ മുന്‍നിരയില്‍ മുഖം മറച്ചിരുന്ന വിഐപി, ഖൊമേനിയുടെ പിന്‍ഗാമിയെന്ന് കരുതിയിരുന്ന മുജ്തബ ഖൊമേനി അല്ലെന്നും അലി ഖൊമേനിയുടെ മൂത്ത ചെറുമകനായ മുഹമ്മദ് ജവാദ് ഖൊമേനിയാണെന്നും വാര്‍ത്താ ഏജന്‍സിയായ ഇറാന്‍ ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ആറ് ദിവസം നീണ്ടുനിന്ന സംസ്‌കാരച്ചടങ്ങുകളിലെ പ്രാര്‍ഥനയ്ക്കിടെ മുന്‍നിരയില്‍ത്തന്നെ സ്ഥാനം ലഭിച്ചതാണ് മാസ്‌ക് ധാരി മുജ്താബയാണെന്ന പ്രചാരണത്തിന് കാരണം. എന്നാല്‍ ഫെബ്രുവരി 28 ന് ആയത്തുല്ല അലി ഖൊമേനിയെ ലക്ഷ്യമിട്ട് നടന്ന യു.എസ്-ഇസ്രയേല്‍ ആക്രമണത്തില്‍ മുഹമ്മദ് ജവാദ് ഖൊമേനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ പരുക്കുകള്‍ മറയ്ക്കാനാണ് അദേഹം കറുത്ത മാസ്‌ക് ധരിച്ച് ചടങ്ങിനെത്തിയതെന്നാണ് വിവരം.

അതേസമയം വന്‍ ആക്രമണത്തിന് ശേഷം മുജ്താബ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ പ്രതികരണങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ആക്രമണത്തില്‍ മുജ്താബയ്ക്ക് സാരമായി പരുക്കേറ്റെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ആക്രമണ സമയത്ത് മുജ്താബ പിതാവിനൊപ്പം ഉണ്ടായിരുന്നില്ലെന്നും തൊട്ടടുത്ത മറ്റൊരു മുറിയിലായിരുന്നുവെന്നും സൈപ്രസിലെ ഇറാന്‍ അംബാസഡര്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും കൈകാലുകള്‍ക്ക് പരിക്കേറ്റ മുജ്താബ നിലവില്‍ ആശുപത്രിയില്‍ തീവ്ര പരിചരണത്തില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.