കാലം കാത്തുവെച്ച വിധി; മെസി കുളിപ്പിച്ച ആ 'കുഞ്ഞ്' ഇന്ന് ഫൈനലിൽ എതിരാളിയായി; ഫുട്ബോൾ ലോകം ചരിത്ര നിമിഷത്തിലേക്ക്

കാലം കാത്തുവെച്ച വിധി; മെസി കുളിപ്പിച്ച ആ 'കുഞ്ഞ്' ഇന്ന് ഫൈനലിൽ എതിരാളിയായി; ഫുട്ബോൾ ലോകം ചരിത്ര നിമിഷത്തിലേക്ക്

ന്യൂയോർക്ക്: ഫുട്ബോൾ ലോകം ഇതുവരെ കാണാത്തത്ര അത്ഭുതകരമായ ഒരു സമാഗമത്തിന് 2026 ഫിഫ ലോകകപ്പ് ഫൈനൽ വേദിയൊരുങ്ങുന്നു. 19 വർഷം മുൻപ് ഒരു ചാരിറ്റി ഫോട്ടോ ഷൂട്ടിനിടെ ലയണൽ മെസി വാത്സല്യത്തോടെ കൈകളിലെടുത്ത കുഞ്ഞ് ഇന്ന് ലോകകപ്പ് ഫൈനലിൽ മെസിക്കെതിരെ പന്ത് തട്ടാൻ ഒരുങ്ങുന്നു. ജൂലൈ 20-ന് നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ അത് മെസിയും സ്പെയിനിന്റെ യുവ സൂപ്പർ താരം ലാമിൻ യമാലും തമ്മിലുള്ള ചരിത്രപരമായ പോരാട്ടമായി മാറും.

2007 ൽ ബാഴ്‌സലോണയിൽ നടന്ന ഒരു ചാരിറ്റി കലണ്ടർ ഫോട്ടോ ഷൂട്ടിനിടെയാണ് അന്ന് 20 വയസുകാരനായ മെസ്സി അഞ്ച് മാസം മാത്രം പ്രായമുള്ള ലാമിൻ യമാലിനെ ഒരു പ്ലാസ്റ്റിക് ടബ്ബിൽ കുളിപ്പിച്ചത്. അന്ന് ആർക്കും അറിയാത്ത സാധാരണമായ ഒരു ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു അത്.

എന്നാൽ കാലം കടന്നുപോയപ്പോൾ, ആ ചിത്രം ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു നിയോഗമായി മാറി. ബാഴ്‌സലോണയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിൽ വളർന്നുവന്ന യമാൽ ഇന്ന് മെസിയുടെ പിൻഗാമിയായാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. തന്റെ തലമുറയിലെ ഏറ്റവും മികച്ച പ്രതിഭയെന്നാണ് മെസി തന്നെ യമാലിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഈ ചിത്രം ഇത്രയും പ്രശസ്തമാകുമെന്ന് അന്ന് ഫോട്ടോ പകർത്തിയ ജോവാൻ മോൺഫോർട്ട് പോലും കരുതിയിരുന്നില്ല. ഒരു വശത്ത് ഫുട്ബോൾ ഇതിഹാസമായ മെസിയും മറുവശത്ത് വളർന്നുവരുന്ന യമാലും തമ്മിലുള്ള ഈ പോരാട്ടം ഫുട്ബോൾ ആരാധകർ ഒരു 'കോസ്മിക് ബാപ്റ്റിസം' അഥവാ ദൈവികമായ നിയോഗമായാണ് കാണുന്നത്. മെസിയുടെ അവസാന ലോകകപ്പ് ഫൈനലിൽ പഴയ ആ കുഞ്ഞ് മെസിയുടെ കിരീടമോഹങ്ങൾക്ക് തടസമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.