കറാച്ചി: പാകിസ്ഥാനിലെ ബാൽദിയ ടൗണിൽ വ്യാജ മതനിന്ദാ ആരോപണം ഉയർത്തി ക്രൈസ്തവ കുടുംബത്തിന് നേരെ നടക്കാനിരുന്ന ആൾക്കൂട്ട അക്രമം മുസ്ലിം മതനേതാക്കളുടെയും പ്രാദേശിക സമൂഹത്തിന്റെയും ഇടപെടലിലൂടെ ഒഴിവായതായി റിപ്പോർട്ട്. വത്തിക്കാൻ ന്യൂസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.
ഒരു പ്രാദേശിക മുസ്ലിം കടയുടമയ്ക്ക് ലഭിച്ച തപാലാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. വിശുദ്ധ ഖുർആന്റെ കീറിയ പേജുകൾക്കൊപ്പം അസീം ജാവേദ് എന്ന ക്രൈസ്തവ യുവാവിന്റെയും അമ്മയുടെയും ചിത്രങ്ങളായിരുന്നു കവറിലുണ്ടായിരുന്നത്. ഇതറിഞ്ഞയുടൻ പ്രകോപിതരായ നൂറുകണക്കിന് ആളുകൾ അസീമിന്റെ വീടിന് മുന്നിൽ തടിച്ചുകൂടുകയും അക്രമത്തിന് മുതിരുകയും ചെയ്തു. ഇത് പ്രദേശത്തെ ക്രൈസ്തവ കുടുംബങ്ങൾക്കിടയിൽ വലിയ ഭീതി പരത്തി.
അടിയന്തര സാഹചര്യം മനസിലാക്കിയ കാത്തലിക് കമ്മീഷൻ ഫോർ പീസ് ആൻഡ് ജസ്റ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടർ നയീം യൂസഫ് ഗിൽ ഇടപെട്ടു. അദേഹം പ്രാദേശിക ഭരണകൂടവുമായും മുസ്ലിം മതനേതാക്കളുമായും ബന്ധപ്പെട്ടു. നേരത്തെയുള്ള സൗഹൃദബന്ധങ്ങൾ ഇവിടെ നിർണായകമായി.
കമ്മീഷന്റെ അഭ്യർത്ഥന മാനിച്ചെത്തിയ മുസ്ലിം പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും അക്രമാസക്തരായ ജനങ്ങളെ അനുനയിപ്പിച്ചു. സ്വന്തം ചിത്രവും വിലാസവും വെച്ച് ഒരാൾ ഒരിക്കലും ഇത്തരമൊരു കുറ്റം ചെയ്യില്ലെന്നും ഇത് ആ കുടുംബത്തെ മനപൂർവ്വം കുടുക്കാൻ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ജനങ്ങളെ ബോധ്യപ്പെടുത്തി. തുടർന്ന് പോലീസ് എത്തി ആൾക്കൂട്ടത്തെ പൂർണമായും പിരിച്ചുവിട്ടു.
പാകിസ്ഥാനിലെ കർശനമായ മതനിന്ദാ നിയമങ്ങൾ വ്യക്തിപരമായ തർക്കങ്ങളും ഭൂമി കൈയേറ്റങ്ങളും തീർക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരം സാഹചര്യത്തിൽ കറാച്ചിയിൽ നടന്ന ഈ ഇടപെടൽ മതസൗഹാർദത്തിന്റെ വലിയൊരു സന്ദേശമാണ് നൽകുന്നത്. അക്രമത്തിലേക്ക് നീങ്ങുമായിരുന്ന ഒരു സാഹചര്യത്തെ പരസ്പര വിശ്വാസത്തിലൂടെയും ചർച്ചകളിലൂടെയും തടയാൻ കഴിഞ്ഞത് വലിയൊരു ആശ്വാസമായാണ് ക്രൈസ്തവ സമൂഹം നോക്കിക്കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.