അമേരിക്കയിലുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ മറ്റൊരു വിസ കാറ്റഗറിയിലേക്ക് മാറുന്നതിനോ മുന്‍പ് 60 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ അത് 30 ദിവസമായി ചുരുക്കി.
വാഷിങ്ടണ്‍: മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടിയായി അമേരിക്കയില്‍ വിസ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി ട്രംപ് ഭരണകൂടം. സ്റ്റുഡന്റ് വിസയുടേയും എക്‌സ്‌ചേഞ്ച് വിസയുടെയും കാലാവധി പരമാവധി നാല് വര്‍ഷമാക്കി ചുരുക്കി.
പുതിയ നിയമപ്രകാരം ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രത്യേക അനുമതിയില്ലാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തിലധികം അമേരിക്കയില്‍ തുടരാനാകില്ല. ഇതിനായുള്ള അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ മാറുന്നതിനും മറ്റ് സര്‍വ്വകലാശാലകളിലേക്കോ കോളേജുകളിലേക്കോ ട്രാന്‍സ്ഫര്‍ വാങ്ങുന്നതിനും പുതിയ നിയമത്തില്‍ നിയന്ത്രണങ്ങളുണ്ട്.
ഇതുവരെ വിസ കാലാവധി നീട്ടിനല്‍കാനുള്ള അധികാരം അതത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ പുതിയ പരിഷ്‌കരണത്തോടെ ഈ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകും. വരുന്ന സെപ്റ്റംബര്‍ മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
മുന്‍പ് എഫ് 1, ജെ 1 വിസകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്‌സ് പൂര്‍ത്തിയാകുന്നത് വരെ യുഎസില്‍ തുടരാമായിരുന്നു. ഇനി മുതല്‍ ഇതിന് കൃത്യമായ സമയ പരിധിയുണ്ടാകും. പഠനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ മറ്റൊരു വിസ കാറ്റഗറിയിലേക്ക് മാറുന്നതിനോ മുന്‍പ് 60 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ അത് 30 ദിവസമായി ചുരുക്കി.
ഗവേഷണ വിദ്യാര്‍ത്ഥികളെയും പുതിയ നിയന്ത്രണം ബാധിക്കും. യുഎസിലെ ഭൂരിഭാഗം ബിരുദ കോഴ്‌സുകളും നാല് വര്‍ഷം കൊണ്ട് അവസാനിക്കുമെങ്കിലും ഡോക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഉപരിപഠന കോഴ്‌സുകള്‍ക്ക് സാധാരണയായി കൂടുതല്‍ സമയമെടുക്കാറുണ്ട്.
സയന്‍സ്, ടെക്‌നോളജി മേഖലകളില്‍ ഗവേഷണം നടത്തുന്ന ഭൂരിഭാഗം രാജ്യാന്തര വിദ്യാര്‍ത്ഥികളെയും ഫണ്ടിങ് കുറവ്, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള താമസം തുടങ്ങിയ ഘടകങ്ങള്‍ ബാധിക്കാറുണ്ട്. പുതിയ നിയമം ഇവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും.
രാജ്യത്തെ പ്രമുഖ കോളേജുകളിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനും യുഎസ് വിദേശനയങ്ങളെ വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുമുള്ള നീക്കങ്ങള്‍ ഇതിനോടകം തന്നെ ട്രംപ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് വിസ നിയമങ്ങള്‍ കടുപ്പമാക്കാനുള്ള പുതിയ തീരുമാനം.
വ്യാപകമായ വിസ ദുരുപയോഗം തടയുന്നതിനും കൃത്യമായ പരിശോധനകളിലൂടെ ദേശീയ സുരക്ഷ ശക്തമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി. '
പതിറ്റാണ്ടുകളായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനിശ്ചിത കാലത്തേക്ക് യുഎസില്‍ തുടരാന്‍ അനുമതിയുണ്ടായിരുന്നു. രാജ്യം വിട്ടുപോകാതിരിക്കാന്‍ വേണ്ടി മാത്രം നിരന്തരം കോഴ്‌സുകളില്‍ ചേര്‍ന്നുകൊണ്ട് ആയിരക്കണക്കിന് ആളുകള്‍ ഇമിഗ്രേഷന്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പുതിയ നിയമം സഹായിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.