ഇസ്ലമാബാദ്: ഇന്ത്യ-പാക് യുദ്ധവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി രംഗത്തുവന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി നൗറീന്‍ നിയാസിക്ക് പാക് നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.
2025 മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടല്‍ പാക് സൈനിക നേതൃത്വവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്നാണ് നൗറീന്റെ ആരോപണം.
പാകിസ്ഥാന്‍ സായുധ സേനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായാണ് സൈനിക നടപടികള്‍ ആസൂത്രണം ചെയ്തതെന്നും ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നുണ്ട്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചിരിക്കുന്നത്.
രാജ്യത്തെ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും തെറ്റായതും പ്രകോപനപരവുമായ ഉള്ളടക്കം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് നടപടി. ഏജന്‍സിയുടെ ഓഫിസില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കാനാണ് നിര്‍ദേശം.
2025 ല്‍ ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു കുതിരസവാരി തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാല് ദിവസം നീണ്ടുനിന്ന സൈനിക സംഘര്‍ഷമുണ്ടായത്.
ഈ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രതികരണത്തെയാണ് നൗറീന്‍ നിയാസി വിമര്‍ശിച്ചത്. മാത്രമല്ല, ഇന്ത്യ മനപ്പൂര്‍വമാണ് കൂടുതല്‍ ശക്തമായ സൈനിക നടപടി സ്വീകരിക്കാതിരുന്നതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
'ഇന്ത്യ വലിയ രാജ്യമാണ്. മെയ് 10 ന് പാകിസ്ഥാന്‍ ആക്രമിച്ചപ്പോള്‍ ഇന്ത്യക്ക് ശക്തമായി തിരിച്ചടിക്കാന്‍ കഴിവുണ്ടായിരുന്നു. എന്നാല്‍ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ അതില്‍ നിന്ന് വിട്ടുനിന്നു' - അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
സൈനിക നടപടികളുടെ മറ്റൊരു ലക്ഷ്യം പാകിസ്ഥാനെ ഇസ്രയേലിനെ അംഗീകരിക്കുന്ന അബ്രഹാം കരാറില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്. 2020 ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേലും വിവിധ അറബ് രാജ്യങ്ങളും തമ്മില്‍ നയതന്ത്ര, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനായി രൂപം കൊണ്ട കരാറാണിത്.
നൗറീന്റെ പരാമര്‍ശങ്ങള്‍ പാകിസ്ഥാനില്‍ ഇതിനകം കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. പ്രസ്താവന അവരുടെ സഹോദരന്‍ ഇമ്രാന്‍ ഖാന്റെ ചിന്താഗതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഇമ്രാന്‍ ഖാന്റെ കുടുംബം എപ്പോഴും പാകിസ്ഥാന്റെ നേട്ടങ്ങളോട് അസ്വസ്ഥത പ്രകടിപ്പിച്ചവരാണെന്നും പഞ്ചാബ് പ്രവിശ്യയിലെ വിവര-സാംസ്‌കാരിക മന്ത്രി അസ്മ ബുഖാരി പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.