26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; കേന്ദ്രം പുതിയ പരീക്ഷാ നിയമ നിര്‍മാണത്തിലേക്ക്

26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; കേന്ദ്രം പുതിയ പരീക്ഷാ നിയമ നിര്‍മാണത്തിലേക്ക്

ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷയിലെ തിരിമറികള്‍ക്കെതിരെ സമരം നടത്തി വന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുടെയും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദേഹം വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഉപവാസം അവസാനിപ്പിച്ചത്.

ആശുപത്രി കിടക്കയില്‍ വെച്ച് കേന്ദ്ര മന്ത്രിമാര്‍ നല്‍കിയ പാനീയം കുടിച്ചാണ് വാങ്ചുക്ക് സമരം അവസാനിപ്പിച്ചത്. ഈ സമയം അദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയും ലഡാക്കിലെ പ്രമുഖ നേതാക്കളും ഒപ്പമുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ ആശുപത്രിയിലെത്തി സോനം വാങ്ചുക്കുമായി സംസാരിച്ചത്.

രാജ്യത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുമാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വാങ്ചുക്ക് വ്യക്തമാക്കി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട 65 പാര്‍ലമെന്റ് അംഗങ്ങള്‍ തനിക്ക് പിന്തുണ അറിയിച്ച് കത്ത് നല്‍കുകയോ നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്തിരുന്നതായും അദേഹം പറഞ്ഞു. തന്റെ സമരം എപ്പോഴും പൂര്‍ണമായും സമാധാനപരമാണെന്നും അനുയായികള്‍ യാതൊരുവിധ അക്രമങ്ങളിലേക്കും തിരിയരുതെന്നും അദേഹം ആഹ്വാനം ചെയ്തു. സമരം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സോനം വാങ്ചുക്കിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാനും പ്രധാനമന്ത്രി അദേഹത്തോട് അഭ്യര്‍ഥിച്ചു. കൂടാതെ രാജ്യത്തെ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി കര്‍ശന വ്യവസ്ഥകളോടെ പുതിയ നിയമനിര്‍മാണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷാ നടപടികളും ഉള്‍പ്പെടുന്ന പുതിയ ബില്ലിന്റെ കരട് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരികയും വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്യും.

ജൂണ്‍ 28 നാണ് വാങ്ചുക്ക് വിദ്യാര്‍ഥി സമരത്തില്‍ പങ്കുചേര്‍ന്ന് നിരാഹാരം ആരംഭിച്ചത്. സമരത്തിനിടയില്‍ ആരോഗ്യനില തകരാറിലായതിനെ തുടര്‍ന്ന് ആദ്യം സാഫ്ദര്‍ജങ് ആശുപത്രിയിലേക്കും പിന്നീട് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്കും അദേഹത്തെ മാറ്റുകയായിരുന്നു. 26 ദിവസത്തെ ഉപവാസത്തിനിടയില്‍ അദേഹത്തിന് 11 കിലോയോളം ഭാരം കുറഞ്ഞിരുന്നു. അതേസമയം സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വിവരങ്ങള്‍ നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.