ഇന്റര്‍നെറ്റ് വേണ്ട, ട്രാക്ക് ചെയ്യാനും കഴിയില്ല; ബിറ്റ് ചാറ്റ് ആപ്പ് നീക്കം ചെയ്യാന്‍ ഗിറ്റ്ഹബ്ബിനോട് കേന്ദ്ര സര്‍ക്കാര്‍

ഇന്റര്‍നെറ്റ് വേണ്ട, ട്രാക്ക് ചെയ്യാനും കഴിയില്ല; ബിറ്റ് ചാറ്റ് ആപ്പ് നീക്കം ചെയ്യാന്‍ ഗിറ്റ്ഹബ്ബിനോട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റോ മൊബൈല്‍ നെറ്റ്‌വര്‍ക്കോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രമുഖ മെസേജിങ് ആപ്പായ ബിറ്റ് ചാറ്റ് നീക്കം ചെയ്യാന്‍ ടെക് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ്ബിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് (I4C) ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സമരക്കാര്‍ ഇന്റര്‍നെറ്റ് രഹിത ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ബിറ്റ് ചാറ്റിന്റെ വിവിധ ആപ്പ് വേര്‍ഷനുകളിലേക്ക് നയിക്കുന്ന ഗിറ്റ്ഹബ്ബ് യുആര്‍എലുകള്‍ ഉടനടി നീക്കം ചെയ്യാനാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ പകര്‍പ്പ് ബിറ്റ് ചാറ്റ് സ്ഥാപകന്‍ ജാക്ക് ഡോര്‍സി എക്‌സിലൂടെ പുറത്തുവിട്ടു. ഇന്ത്യന്‍ ഭരണകൂടത്തിന് ബിറ്റ് ചാറ്റ് പോലുള്ള സാങ്കേതിക വിദ്യകള്‍ താല്‍പര്യമില്ലെന്നും അവര്‍ അത് നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അദേഹം കുറിപ്പില്‍ വ്യക്തമാക്കി.

എന്താണ് ബിറ്റ് ചാറ്റ്?

ബ്ലൂടൂത്ത് മെഷ് നെറ്റ്‌വര്‍ക്ക് വഴി പ്രവര്‍ത്തിക്കുന്ന പിയര്‍-ടു-പിയര്‍ മെസേജിങ് ആപ്ലിക്കേഷനാണ് ബിറ്റ് ചാറ്റ്. ഇന്റര്‍നെറ്റോ കേന്ദ്രീകൃത സെര്‍വറുകളോ മൊബൈല്‍ കണക്ടിവിറ്റിയോ ഇല്ലാതെ തന്നെ പ്രവര്‍ത്തിക്കാന്‍ ഇതിന് സാധിക്കും. ഫോണ്‍ നമ്പര്‍ വെരിഫിക്കേഷനോ യൂസര്‍ രജിസ്‌ട്രേഷനോ ആവശ്യമില്ലാത്തതിനാല്‍ പൂര്‍ണമായും അജ്ഞാതമായി ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ഇത് അവസരമൊരുക്കുന്നു.

ബിറ്റ് ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ രീതികളും അജ്ഞാത സ്വഭാവവും അന്വേഷണ ഏജന്‍സികള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പൊലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ ഇതിലൂടെ നടക്കുന്ന ആശയ വിനിമയങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല. ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ വേളകളിലും കലാപങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കുന്ന സമയങ്ങളിലും നിരീക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യവിരുദ്ധ ശക്തികള്‍ ഇത് ദുരുപയോഗം ചെയ്‌തേക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 ലെ സെക്ഷന്‍ 43, 84ബി, 84സി എന്നിവയ്ക്കൊപ്പം പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത 2023 ലെ സെക്ഷന്‍ 61 എന്നിവയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ആപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐടി ആക്റ്റ് സെക്ഷന്‍ 79(3)ബി, ഐടി റൂള്‍സ് 2021 റൂള്‍ 3(1)ഡി എന്നിവ പ്രകാരം ഉത്തരവ് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ ഗിറ്റ്ഹബ്ബിന് നിര്‍ദേശമുണ്ട്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഇടനിലക്കാര്‍ എന്ന നിലയില്‍ ഗിറ്റ്ഹബ്ബിന് ലഭിക്കുന്ന നിയമപരിരക്ഷ നഷ്ടമാകുമെന്നും ഐടി ആക്റ്റ്, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.