സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; വേറെ വഴിയില്ലെങ്കില്‍ അവിടെ സംസ്‌കരിക്കുമെന്ന് കുടുംബം

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; വേറെ വഴിയില്ലെങ്കില്‍ അവിടെ സംസ്‌കരിക്കുമെന്ന് കുടുംബം

കോട്ടയം: സിക്കിമില്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളി ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ (43) മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. തിങ്കളാഴ്ച സിക്കിമിലെത്തിയ സഹോദരന്‍ ബിനീഷ് മോഹനും ഭാര്യ സംഗീതയും ചേര്‍ന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണെന്നും മറ്റ് വഴികളൊന്നുമില്ലെങ്കില്‍ സിക്കിമില്‍ വച്ചുതന്നെ സംസ്‌കാരം നടത്തേണ്ടി വരുമെന്നും അനീഷിന്റെ ഭാര്യ സംഗീത വേദനയോടെ പറഞ്ഞു. മൃതദേഹം വീണ്ടെടുത്തെങ്കിലും സിക്കിം അധികൃതരും പ്രാദേശിക ആരോഗ്യ വിഭാഗവും മനപൂര്‍വം സമയം വൈകിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. മരണം സംഭവിച്ച് 72 മണിക്കൂര്‍ കഴിഞ്ഞതിനാല്‍ വിമാന മാര്‍ഗം മൃതദേഹം കൊണ്ടുപോകുന്നതിനാവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നാണ് സിക്കിം ആരോഗ്യ വിഭാഗം വ്യക്തമാക്കിയത്.

കേരള മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, നോര്‍ക്ക അധികൃതര്‍ എന്നിവരുടെ ശക്തമായ ഇടപെടലിന് ശേഷമാണ് നടപടികള്‍ ആരംഭിക്കാന്‍ പ്രാദേശിക ഭരണകൂടം തയ്യാറായതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും മൃതദേഹം ഏത് മാര്‍ഗത്തിലൂടെയാണ് നാട്ടിലെത്തിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

സമയം വൈകുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്നും സിക്കിം അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ നേരിട്ട് യാതൊരുവിധ ആശയ വിനിമയവും ഉണ്ടായിട്ടില്ലെന്നും അനീഷിന്റെ കുടുംബം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.