കെയ്റോ: ചരിത്രപ്രധാനമായ ഒരു പുരാവസ്തു കണ്ടെത്തലിലൂടെ ഈജിപ്ത് വീണ്ടും ലോകശ്രദ്ധ നേടുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലേതെന്ന് കരുതപ്പെടുന്ന പുരാതന ക്രിസ്ത്യൻ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തി. ഒരു ബസിലിക്ക മാതൃകയിലുള്ള ദേവാലയവും അതിനോടു ചേർന്നുള്ള വസതികളും ഉൾപ്പെടുന്ന പ്രധാനപ്പെട്ട കണ്ടെത്തലുകൾ ജൂലൈ മൂന്നിനാണ് ഈജിപ്തിലെ ടൂറിസം-പുരാവസ്തു മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടത്.
ലക്സറിന് ഏകദേശം 185 മൈൽ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന 'ന്യൂ വാലി ഗവർണറേറ്റി'ലെ 'ദഖ്‌ല ഒയാസിസി'ലുള്ള 'അയിൻ അൽ-സബീൽ' പുരാവസ്തു കേന്ദ്രത്തിലാണ് ഈ ചരിത്രപരമായ ഖനനം നടന്നത്. ബൈസന്റൈൻ കാലഘട്ടത്തിലെ പുരാതന നഗരമെന്നാണ് മന്ത്രാലയ ഉദ്യോഗസ്ഥർ ഈ പ്രദേശത്തെ വിശേഷിപ്പിച്ചത്. മേഖലയിൽ നടത്തിയ ഉദ്ഖനനത്തിൽ ജനവാസ കേന്ദ്രത്തിനുള്ളിലെ ചെളി ഇഷ്ടിക മുറികളും ഇടനാഴികളും സംരക്ഷിത താഴികക്കുട അടുപ്പുകളും വെളിച്ചത്തുവന്നു. നഗരമധ്യത്തിൽ പ്രധാന തെരുവുകളിലൊന്നിന് അഭിമുഖമായാണ് ബസിലിക്കയെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പള്ളി സ്ഥിതിചെയ്യുന്നത്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള മൺപാത്രങ്ങൾ, എണ്ണയും സുഗന്ധദ്രവ്യങ്ങളും സൂക്ഷിച്ചിരുന്ന കുപ്പികൾ, എണ്ണവിളക്കുകൾ, ധാന്യം പൊടിക്കാനുള്ള ഉപകരണങ്ങൾ തുടങ്ങി വിവിധതരം പുരാവസ്തുക്കളും ഗവേഷകർ ഇവിടെനിന്നു കണ്ടെടുത്തു. ഇതിനുപുറമെ ബൈസന്റൈൻ ചക്രവർത്തിമാരുടെ ചിത്രങ്ങളും ലാറ്റിൻ ലിഖിതങ്ങളും വിവിധ ക്രിസ്തീയ ചിഹ്നങ്ങളും പതിച്ച കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ട വെങ്കല നാണയങ്ങളും മറ്റ് നാണയ ശേഖരങ്ങളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്.
ആദ്യ നൂറ്റാണ്ടുകളിൽ തന്നെ ഈജിപ്തിൽ ക്രൈസ്തവ വിശ്വാസം ശക്തമായി നിലനിന്നിരുന്നു എന്നതിന്റെ ഏറ്റവും വലിയ ചരിത്ര തെളിവുകളിലൊന്നായാണ് ഗവേഷകർ ഈ കണ്ടെത്തലിനെ വിലയിരുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.