കണക്ടഡ് ലോഡ് സമ്പ്രദായത്തിലേക്ക് കെ.എസ്.ഇ.ബി: വൈദ്യുതി കണക്ഷന്‍ നിരക്കുകളില്‍ വന്‍ മാറ്റം

കണക്ടഡ് ലോഡ് സമ്പ്രദായത്തിലേക്ക് കെ.എസ്.ഇ.ബി: വൈദ്യുതി കണക്ഷന്‍ നിരക്കുകളില്‍ വന്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ നിരക്കുകളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന് മുന്നില്‍ പുതിയ ശുപാര്‍ശ സമര്‍പ്പിച്ചു. പുതിയ സംവിധാനം അനുസരിച്ച് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലായിരിക്കും ഫീസ് നിശ്ചയിക്കുന്നത്. പൊതു വൈദ്യുതി വിതരണ ലൈനില്‍ നിന്ന് 200 മീറ്റര്‍ വരെയുള്ള കണക്ഷനുകള്‍ക്ക് ഇലക്ട്രിക് പോസ്റ്റ് ആവശ്യമാണെങ്കിലും അല്ലെങ്കിലും ഒരേ നിരക്ക് ഈടാക്കുന്ന രീതിയാണ് പുതിയ നിര്‍ദേശത്തില്‍ ഉള്ളത്.

നിലവില്‍ കണക്ഷന് ആവശ്യമായി വരുന്ന പോസ്റ്റുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും യഥാര്‍ത്ഥ ചെലവ് കണക്കാക്കിയാണ് ഫീസ് ഈടാക്കിയിരുന്നത്. പുതിയ ശുപാര്‍ശ റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കുകയാണെങ്കില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വിവിധ സ്ലാബുകളിലായി 560 രൂപ മുതല്‍ 5400 രൂപ വരെ അധിക ബാധ്യത വന്നെത്തും. കൂടാതെ സുരക്ഷ മുന്‍നിര്‍ത്തി ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ നിലവിലെ ഫീസിനേക്കാള്‍ കിലോവാട്ടിന് 15 ശതമാനം വീതം അധിക തുക നല്‍കേണ്ടതായും വരും.

നിരക്ക് ഘടനയിലെ മാറ്റങ്ങളും സ്ലാബുകളും

ഗാര്‍ഹിക ആവശ്യത്തിനുള്ള സിംഗിള്‍ ഫെയ്സ് കണക്ഷന് നിലവില്‍ അഞ്ച് കിലോവാട്ട് വരെ 1950 രൂപയാണ് നിരക്ക്. ഇത് മൂന്ന് വ്യത്യസ്ത സ്ലാബുകളായി തിരിച്ച് 2500 രൂപ മുതല്‍ 5000 രൂപ വരെയാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. ഇതില്‍ ഒരു കിലോവാട്ട് വരെയുള്ള സ്ലാബില്‍ 2500 രൂപയും (29 ശതമാനം വര്‍ധന) ഒന്ന് മുതല്‍ രണ്ട് കിലോവാട്ട് വരെ 3000 രൂപയും (54.7 ശതമാനം വര്‍ധന) രണ്ട് മുതല്‍ അഞ്ച് കിലോവാട്ട് വരെ 5000 രൂപയുമാണ് (158 ശതമാനം വര്‍ധന) നിര്‍ദേശിച്ചിട്ടുള്ളത്.

ത്രീ ഫെയ്സ് കണക്ഷനുകളില്‍ അഞ്ച് മുതല്‍ 10 കിലോവാട്ട് വരെയുള്ള വിഭാഗത്തിന് നിലവില്‍ 4642 രൂപയായിരുന്നത് രണ്ട് സ്ലാബുകളാക്കി മാറ്റി അഞ്ച് മുതല്‍ ഏഴ് കിലോവാട്ട് വരെ 8000 രൂപയായും (72 ശതമാനം വര്‍ധന) ഏഴ് മുതല്‍ 10 കിലോവാട്ട് വരെ 10000 രൂപയായും (115 ശഥമാനം വര്‍ധന) വര്‍ധിപ്പിക്കാന്‍ ശുപാര്‍ശയുണ്ട്. 10 കിലോവാട്ടിന് മുകളിലുള്ള കണക്ഷനുകള്‍ക്ക് ഓരോ കിലോവാട്ടിനും 1560 രൂപ വീതം നല്‍കേണ്ടി വരും.

ഉപയോക്താക്കള്‍ നേരിടുന്ന അനുകൂല-പ്രതികൂല ഘടകങ്ങള്‍

പ്രധാന റോഡില്‍ നിന്നും വിതരണ ലൈനില്‍ നിന്നും അല്‍പം മാറി സ്ഥിര താമസമാക്കിയ ഉപയോക്താക്കള്‍ക്ക് പുതിയ പരിഷ്‌കാരം വലിയ ആശ്വാസമാകും. നിലവില്‍ പോസ്റ്റ് ഒന്നിന് 11000 രൂപയോളം ചെലവ് വരുന്ന സ്ഥാനത്ത് 200 മീറ്റര്‍ വരെ പോസ്റ്റിനായി പ്രത്യേകം പണം നല്‍കേണ്ടതില്ല എന്ന നേട്ടമുണ്ട്. ഒപ്പം കണക്ഷനായി ഉദ്യോഗസ്ഥരുടെ എസ്റ്റിമേറ്റ് റിപ്പോര്‍ട്ടിനായി കാത്തിരിക്കാതെ കണക്ടഡ് ലോഡ് കാണിച്ചുള്ള അപേക്ഷയോടൊപ്പം തുകയടച്ച് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം പുതിയ കണക്ഷനുകളും പോസ്റ്റ് വേണ്ടാത്തവയാണെന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ പോസ്റ്റ് വേണ്ടാത്ത സാധാരണ ഉപയോക്താക്കള്‍ക്ക് നിലവിലുള്ള നിരക്കിനേക്കാള്‍ വലിയ തുക നല്‍കേണ്ടി വരുന്നത് തിരിച്ചടിയാണ്. രണ്ട് കിലോവാട്ടിന് മുകളില്‍ ലോഡ് ഉള്ള വീടുകള്‍ക്ക് നിരക്കില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഉപയോക്താക്കളിലും ചെലവ് സമാനമായി വീതിക്കാനാണ് ശ്രമിച്ചതെന്ന് കെ.എസ്.ഇ.ബി വാദിക്കുമ്പോഴും പോസ്റ്റ് ആവശ്യമില്ലാത്തവര്‍ അധിക തുക നല്‍കേണ്ടി വരുന്നത് അനീതിയാണെന്ന വിമര്‍ശനം ശക്തമാകുന്നുണ്ട്.

കേന്ദ്ര വൈദ്യുതി നിയമത്തിന്റെ 2020 ലെ ചട്ടം അനുസരിച്ച് കണക്ഷന്‍ ചാര്‍ജ് കണക്ടഡ് ലോഡ് അടിസ്ഥാനത്തിലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. 2024 ല്‍ കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സപ്ലൈ കോഡില്‍ ഈ ഭേദഗതി ഉള്‍പ്പെടുത്തുകയും ആറ് മാസത്തിനകം സ്ലാബ് അടിസ്ഥാനത്തിലുള്ള നിരക്കുകള്‍ സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ 91 ശതമാനം പേരും അഞ്ച് കിലോവാട്ടിന് താഴെയുള്ള കണക്ഷനാണ് എടുക്കുന്നതെന്നും അതിനാല്‍ ഉയര്‍ന്ന സ്ലാബുകളിലെ വര്‍ധന ചെറിയൊരു വിഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളൂ എന്നുമാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.

ഈ വിഷയത്തില്‍ വരുന്ന ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് വെച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ നേരിട്ട് കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.