പ്രതിഷേധക്കാറ്റില്‍ കേരള കോണ്‍ഗ്രസ് പിന്മാറി; കുറ്റ്യാടി സി.പി.എം തിരിച്ചെടുത്തു, എ.എ റഹീം സ്ഥാനാര്‍ഥിയായേക്കും

പ്രതിഷേധക്കാറ്റില്‍ കേരള കോണ്‍ഗ്രസ് പിന്മാറി; കുറ്റ്യാടി സി.പി.എം തിരിച്ചെടുത്തു, എ.എ റഹീം സ്ഥാനാര്‍ഥിയായേക്കും

കോഴിക്കോട്: പ്രാദേശിക സപാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസില്‍ എമ്മില്‍ നിന്ന് സിപിഎം തിരിച്ചെടുത്തു.

കേരളാ കോണ്‍ഗ്രസിന് കുറ്റ്യാടി ഉള്‍പ്പടെ 13 നിയമസഭാ സീറ്റുകളാണ് എല്‍ഡിഎഫ് നല്‍കിയത്. എന്നാല്‍ കുറ്റ്യാടിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി അറിയിച്ചു.

കേരളാ കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും എല്‍.ഡി.എഫിന്റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും അനിവാര്യതയാണന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം പാര്‍ട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയുടെ ഐക്യത്തിന് ഒരു പോറല്‍പോലും ഏല്‍പ്പിക്കുന്ന ഒന്നും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ട്. 13 സീറ്റ് കേരളാ കോണ്‍ഗ്രസിന് പൂര്‍ണ്ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ.മാണി പറഞ്ഞു.

കുറ്റ്യാടി സീറ്റ് സംബന്ധിച്ച വിഷയത്തില്‍ നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടിയാണെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയേക്കില്ല. പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം കുറ്റ്യാടിയില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് അറിയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.