തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തി കാലാവസ്ഥാ വകുപ്പ്. നേരത്തെ ആറു ജില്ലകളിൽ മാത്രമുണ്ടായിരുന്ന മുന്നറിയിപ്പ് മാറ്റി പുതുക്കിയ ഉത്തരവ് പ്രകാരം ഇന്ന് 10 ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. വരുന്ന ശനിയാഴ്ച വരെയാണ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.
ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് ബാധകമാണ്.
കൂടാതെ വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിലായിട്ടാണ് നിലവിൽ അതിതീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷ, തെക്കൻ ഝാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് ഭാഗങ്ങളിലൂടെ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ ഇത് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ സജീവമായിരിക്കുന്നത്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.