ഗാസയിലെ ക്രൈസ്തവ സമൂഹം നടത്തുന്ന ഏക ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു

ഗാസയിലെ ക്രൈസ്തവ സമൂഹം നടത്തുന്ന ഏക ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു

ഗാസ: ഗാസയിലെ ക്രൈസ്തവ സമൂഹം നടത്തുന്ന ഏക ആതുരാലയമായ അൽ-അഹ്‌ലി അറബ് ആശുപത്രിയ്ക്ക് ഇസ്രയേൽ ആക്രമണത്തിൽ കേടുപാടുകൾ. ജൂലൈ 29 ന് വൈകുന്നേരം ഗാസ സിറ്റിയിലെ അൽ-അഹ്‌ലി അറബ് ആശുപത്രിയോട് ചേർന്നുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ 'കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ' അറിയിച്ചു. ഈ ആക്രമണത്തിൽ ആശുപത്രിയുടെ ജനലുകളും വാതിലുകളും തകരുകയും രോഗികളും ജീവനക്കാരും കടുത്ത പരിഭ്രാന്തിയിലാവുകയും ചെയ്തു.

തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാർക്കിടയിൽപ്പോലും ആശയക്കുഴപ്പം സൃഷ്ടിക്കുകയും രോഗികളുടെ മേൽ അധിക മാനസിക സമ്മർദം ചെലുത്തുകയും ചെയ്യുകയാണെന്ന് അൽ-അഹ്‌ലി അറബ് ആശുപത്രി മാനേജരായ മൂസ അയാദ് പറഞ്ഞു.

ആക്രമണത്തിനിരയായ കെട്ടിടത്തിലേക്ക് അടിയന്തര രക്ഷാപ്രവർത്തക സംഘത്തിന് ഉടൻ എത്തിച്ചേരാനായില്ലെന്നും ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്നതും പലായനം ചെയ്തവർ അഭയം പ്രാപിച്ചിരുന്നതുമായ ഈ കെട്ടിടത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കുമോ എന്ന ഭയമായിരുന്നു ഇതിന് കാരണമെന്നും അദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തെത്തുടർന്ന് 15 മിനിറ്റിലേറെ നേരം പ്രദേശത്ത് തീ ആളിപ്പടർന്നിരുന്നു. കടുത്ത വൈദ്യശാസ്ത്ര-സാധന സാമഗ്രികളുടെ ക്ഷാമം നേരിട്ടുകൊണ്ടാണ് ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും, ഇത് ഓരോ അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഓശാന ഞായറാഴ്ചയും ഗാസയിലെ ഏക ക്രിസ്ത്യൻ ആതുരാലയമായ അൽ-അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തിൽ ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്തുള്ള കെട്ടിടങ്ങൾ എന്നിവ പൂർണമായും തകർക്കപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.