സംസ്ഥാനത്ത് അതിശക്ത മഴ: പലയിടത്തും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അതിശക്ത മഴ: പലയിടത്തും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും, ജാഗ്രതാ നിര്‍ദേശം

കോട്ടയം: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വന്‍ നാശനഷ്ടങ്ങളും ഗതാഗത തടസവും റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടത്തും ഗതാഗതം പൂര്‍ണമായും താറുമാറായി. സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി 1.50 മീറ്റര്‍ വരെ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

മലയോര മേഖലകളിലും തീരദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ കാരണം എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് സ്ഥലങ്ങളില്‍ നേരിട്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് സി.പി ജോണ്‍, പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥ്, കോട്ടയത്ത് മോന്‍സ് ജോസഫ്, ഇടുക്കിയില്‍ അനൂപ് ജേക്കബ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രി നിര്‍വഹിക്കും.

അപകട സാധ്യതയുള്ള മേഖലകളിലെ എംഎല്‍എമാരുമായും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലാ കളക്ടര്‍മാരുമായും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി സംസാരിച്ചു. തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ രണ്ട് പേര്‍ക്കായി കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും ഉള്‍ക്കടലില്‍ തിരച്ചില്‍ തുടരുകയാണ്. ആലപ്പുഴ ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, സ്പീഡ് ബോട്ടുകള്‍, കായാക്കിങ് തുടങ്ങിയവയുടെ സഞ്ചാരത്തിന് ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കി.

തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അവലോകന യോഗത്തിന് ശേഷം ഇടുക്കി ജില്ലയിലെ നാശനഷ്ടങ്ങളുടെ വിവരം മന്ത്രി അനൂപ് ജേക്കബ് പങ്കുവെച്ചു. ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മന്ത്രി അറിയിച്ചു. മന്ത്രി കുടയത്തൂര്‍ അടൂര്‍മലയിലെ മണ്ണൊലിപ്പുണ്ടായ വീടും ആലക്കോട് ചവര്‍ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.

ഇടുക്കിയിലെ നിലവിലെ സ്ഥിതി വിവരക്കണക്കുകള്‍:

ദുരിതാശ്വാസ ക്യാമ്പുകള്‍: ഒന്‍പത് എണ്ണം (29 വില്ലേജുകളെ ബാധിച്ചു)

നാശനഷ്ടങ്ങള്‍: രണ്ട് മരണം, എട്ട് പേര്‍ക്ക് പരിക്ക്

മണ്ണിടിച്ചില്‍: ഒന്‍പത് വലിയ മണ്ണിടിച്ചിലുകളും 74 ചെറിയ മണ്ണിടിച്ചിലുകളും ഉണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 34 അംഗ എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സ്, പൊലീസ്, ആപ്ത മിത്ര വോളണ്ടിയര്‍മാരും രംഗത്തുണ്ട്.

ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് ഭക്ഷണവും വൈദ്യ പരിശോധനയും മരുന്നും സൗജന്യമായി ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കുകയും വീട് നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന പാക്കേജിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണ പുനരധിവാസം ഉറപ്പാക്കുകയും ചെയ്യും. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അടുത്ത രണ്ട് ദിവസത്തേക്ക് രാത്രിയാത്ര പൂര്‍ണമായും ഉപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, കളക്ടര്‍മാര്‍ എന്നിവരുമായി ഒണ്‍ലൈന്‍ വഴി അവലോകനം നടത്തിയ യോഗത്തില്‍ എംപി ഡീന്‍ കുര്യാക്കോസ്, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.