ലിയോ പാപ്പ ലാറ്റിൻ അമേരിക്കയിലേക്ക്; നവംബറിൽ ഉറുഗ്വേ, അർജന്റീന, പെറു സന്ദർശനം

ലിയോ പാപ്പ ലാറ്റിൻ അമേരിക്കയിലേക്ക്; നവംബറിൽ ഉറുഗ്വേ, അർജന്റീന, പെറു സന്ദർശനം

വത്തിക്കാൻ സിറ്റി: ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രത്തലവന്മാരുടെയും സഭാധികാരികളുടെയും സ്നേഹനിർഭരമായ ക്ഷണം സ്വീകരിച്ച് ലിയോ പാപ്പ നവംബറിൽ ഔദ്യോഗിക ഇടയസന്ദർശനം നടത്തും. ആഗോള സഭയുടെ പരമാധ്യക്ഷനായതിനുശേഷം ലാറ്റിൻ അമേരിക്കയിലേക്ക് അദേഹം നടത്തുന്ന ആദ്യത്തെ ഔദ്യോഗിക അപ്പസ്തോലിക സന്ദർശനമായിരിക്കും ഇത്. നവംബർ ആറ് മുതൽ 17 വരെ നീളുന്ന 11 ദിവസത്തെ യാത്രയിൽ ഉറുഗ്വേ, അർജന്റീന, പെറു എന്നീ മൂന്ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളാണ് പാപ്പ സന്ദർശിക്കുക.

യാത്രയുടെ ആദ്യ ഘട്ടം ഉറുഗ്വേയിലാണ് നടക്കുന്നത്. നവംബർ ആറ് മുതൽ 8 വരെ ഉറുഗ്വേ സന്ദർശിക്കുന്ന പാപ്പ മോണ്ടെവീഡിയോ, പൈസാണ്ടു, ഫ്ലോറിഡ എന്നീ നഗരങ്ങളിലെ വിശ്വാസികളുമായി സംവദിക്കും. തുടർന്ന് നവംബർ എട്ട് മുതൽ 11 വരെ അർജന്റീനയിൽ അപ്പസ്തോലിക സന്ദർശനം നടത്തും. ബ്യൂണസ് അയേഴ്സ്, കോർഡോബ, രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ 'ഔർ ലേഡി ഓഫ് ലുജാൻ' മരിയൻ തീർത്ഥാടന കേന്ദ്രം എന്നിവ സന്ദർശിക്കുന്നത് ഈ യാത്രാപരിപാടിയിൽ ഉൾപ്പെടുന്നു.

ഈ ഇടയയാത്രയുടെ സമാപന ഘട്ടം നവംബർ 11 മുതൽ 17 വരെ പെറുവിലാണ്. മുൻപ് 2014 ൽ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും 2015 സെപ്റ്റംബർ മുതൽ ചിക്ലായോയിലെ ബിഷപ്പായും സഭയെ നയിച്ചിട്ടുള്ള പെറുവിൽ ലെയോ പാപ്പയ്ക്ക് പൗരത്വവുമുണ്ട്. തങ്ങളുടെ മുൻ മേലധ്യക്ഷൻ ആഗോള സഭയുടെ അമരക്കാരനായ ശേഷം നടത്തുന്ന പ്രഥമ സന്ദർശനത്തിനായി വലിയ ആത്മീയ ഒരുക്കങ്ങളോടെയും ആവേശത്തോടെയുമാണ് പെറുവിലെ കത്തോലിക്കാ വിശ്വാസികൾ കാത്തിരിക്കുന്നത്.

ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങളിലും പാപ്പയെത്തും. ദൈവജനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ പിന്തുണയോടെയുള്ള ഈ സന്ദർശനം ലാറ്റിൻ അമേരിക്കൻ സഭയ്ക്ക് വലിയൊരു അനുഗ്രഹമായിരിക്കുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.