ശാന്ത സമുദ്രത്തില്‍ 'ഡോള്‍ഫിന്‍'; ഫിലിപ്പീന്‍സിന് സമീപം 'കുജിര': കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്

ശാന്ത സമുദ്രത്തില്‍ 'ഡോള്‍ഫിന്‍'; ഫിലിപ്പീന്‍സിന് സമീപം 'കുജിര': കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്.
കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.


തിരുവനന്തപുരം: ശാന്ത സമുദ്രത്തില്‍ രൂപംകൊണ്ട 'ഡോള്‍ഫിന്‍' ചുഴലിക്കാറ്റിന്റെയും ഫിലിപ്പീന്‍സിന് സമീപത്തായി നിലകൊള്ളുന്ന 'കുജിര' ചുഴലിക്കാറ്റിന്റെയും സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ കേരളത്തിലടക്കം പല ഇന്ത്യയിലെ സംസ്ഥാനങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 'ഡോള്‍ഫിന്‍' ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ ചൈനയില്‍ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിവിധ ജില്ലകളുടെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ തീരദേശ മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വെള്ളക്കെട്ടിന് ശമനമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മാറിയിരുന്നെങ്കിലും വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്. വീണ്ടും മഴ പെയ്യുന്ന സാഹചര്യം ആശങ്ക ഉയര്‍ത്തുന്നുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.