അന്താരാഷ്ട്ര വിശ്വാസ പരിശീലന കൗണ്‍സിലില്‍ അംഗമായി മാര്‍ ജോസ് പുളിക്കല്‍ നിയമിതനായി

 അന്താരാഷ്ട്ര വിശ്വാസ പരിശീലന കൗണ്‍സിലില്‍ അംഗമായി മാര്‍ ജോസ് പുളിക്കല്‍ നിയമിതനായി

കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കലിനെ അന്താരാഷ്ട്ര വിശ്വാസ പരിശീലന കൗണ്‍സിലില്‍ (ഇന്റര്‍നാഷണല്‍ കാറ്റെക്കെറ്റിക്കല്‍ കൗണ്‍സില്‍) അംഗമായി നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

ലിയോ പതിനാലാമന്‍ മാര്‍പാപ്പായുടെ അംഗീകാരത്തോടെ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ നിര്‍ദേശ പ്രകാരം, സുവിശേഷവല്‍കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രൊ പ്രീഫെക്ട് ആര്‍ച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലെയാണ് നിയമനം നടത്തിയിരിക്കുന്നത്.

ആഗോള സഭയുടെ വിശ്വാസ പരിശീലന ദൗത്യത്തിന് ആവശ്യമായ പഠനങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, നയപരമായ ശുപാര്‍ശകള്‍ എന്നിവ രൂപപ്പെടുത്തുന്നതിനും വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സമിതിയാണ് സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കാറ്റെക്കെറ്റിക്കല്‍ കൗണ്‍സില്‍.വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും മതബോധന രംഗത്തെ വിദഗ്ധരുമാണ് കൗണ്‍സിലിലെ അംഗങ്ങള്‍.

2016 ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായും 2020 ല്‍ മെത്രാനായും ചുമതലയേറ്റ മാര്‍ ജോസ് പുളിക്കല്‍ 2024 മുതലാണ് സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍ മാനായി നിയമിതനായത്. 2026 ഫെബ്രുവരി മാസത്തില്‍ മനിലയില്‍ സംഘടിപ്പിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വിശ്വാസ പരിശീലന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ സമ്മേളനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ പങ്കെടുക്കുകയും സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങളും വിശ്വാസ പരിശീലന രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും അവതരിപ്പിക്കുകയും ചെയ്തിരുന്നു.

വിശ്വാസ പരിശീലന രംഗത്തെ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെ മികവുറ്റ നേതൃത്വത്തിനും സംഭവനകള്‍ക്കും ലഭിച്ച അന്തര്‍ദേശീയ അംഗീകാരമാണ് ഈ നിയമനം. സാര്‍വത്രിക സഭയുടെ മതബോധന ദൗത്യത്തില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന പാരമ്പര്യം കൂടുതല്‍ ഫലപ്രദമായി പങ്കുവയ്ക്കുന്നതിനുള്ള അവസരമാണ് ഈ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.