രാജസ്ഥാനിൽ ദിവ്യബലി തടസപ്പെടുത്തിയ സംഭവം: കത്തോലിക്കാ വിശ്വാസികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി; ഹൈക്കോടതിയെ സമീപിക്കാൻ സഭാ നേതൃത്വം

രാജസ്ഥാനിൽ ദിവ്യബലി തടസപ്പെടുത്തിയ സംഭവം: കത്തോലിക്കാ വിശ്വാസികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി; ഹൈക്കോടതിയെ സമീപിക്കാൻ സഭാ നേതൃത്വം

ബൻസ്‌വാര: രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിൽ ദിവ്യബലി തടസപ്പെടുത്തുകയും പ്രാർഥനയ്‌ക്കെത്തിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ചോദ്യം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ കത്തോലിക്കാ വിശ്വാസികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി വീണ്ടും തള്ളി. കഴിഞ്ഞ മൂന്ന് മാസമായി വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്ന പത്ത് വിശ്വാസികളുടെ മോചനത്തിനായി സഭാ നേതൃത്വം ഇനി ജോധ്പൂർ ഹൈക്കോടതിയെ സമീപിക്കും.

ഉദയ്പൂർ രൂപതയിലെ ബന്ദാരിയ ഇടവകയ്ക്ക് കീഴിലുള്ള കലിഞ്ചര ഗ്രാമത്തിൽ മെയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാതാവിന്റെ കപ്പേളയിൽ പരിശുദ്ധ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന നൊവേന പ്രാർഥനയിലും വിശുദ്ധ കുർബാനയിലും എഴുപതോളം വിശ്വാസികൾ പങ്കെടുക്കുകയായിരുന്നു.

ദിവ്യബലി മധ്യേ ഒരു കൂട്ടം തീവ്രഹിന്ദുത്വ പ്രവർത്തകർ പ്രാർഥനാ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പ്രാർഥനയ്ക്ക് നേതൃത്വം നൽകിയവർ അനധികൃത മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച ഇവർ വിശ്വാസികളെ ഭീഷണിപ്പെടുത്തിയതായി ഇടവക വികാരി ഫാ. അരവിന്ദ് അംലിയാർ വ്യക്തമാക്കി.

അക്രമികളിൽ ഒരാൾ മാരകായുധവുമായെത്തി ഭീഷണിപ്പെടുത്തിയതോടെ പ്രാർഥനയിലുണ്ടായിരുന്നവർ അക്രമികളെ ചെറുക്കുകയായിരുന്നു. എന്നാൽ കത്തോലിക്കാ വിശ്വാസികൾ നൽകിയ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. പകരം, അതിക്രമിച്ചുകയറിയവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശ്വാസികൾക്കെതിരെ വധശ്രമം, കലാപശ്രമം, രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമലംഘനം എന്നിവ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

മെയ് മാസം മുതൽ ജയിലിൽ കഴിയുന്ന 10 വിശ്വാസികളുടെയും ജാമ്യാപേക്ഷ താഴ്ന്ന കോടതികളും സെഷൻസ് കോടതിയും ഇതിനോടകം തള്ളിക്കളഞ്ഞു. സംഭവത്തിൽ ഉദയ്പൂർ രൂപതാ മെത്രാൻ ബിഷപ്പ് ദേവ്പ്രസാദ് ജോൺ ഗണാവ കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രാർഥനയ്ക്കായി ഒത്തുകൂടുന്ന സമാധാനപ്രിയരായ വിശ്വാസികൾക്കെതിരെ മതപരിവർത്തന നിയമങ്ങളും കള്ളക്കേസുകളും ചുമത്തുന്നത് ക്രൈസ്തവ സമൂഹത്തിൽ വലിയ ഭീതി പരത്തുന്നുണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി.

ജയിലിൽ കഴിയുന്ന വിശ്വാസികൾക്ക് നീതി ലഭ്യമാക്കുന്നതിനായി കേസ് ഇനി ജോധ്പൂർ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള ഇത്തരം അതിക്രമങ്ങൾക്കും വ്യാജ ആരോപണങ്ങൾക്കുമെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.