ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഡോ. എം. അനിരുദ്ധന്‍ പുരസ്‌കാരം ഡോ. മാമ്മന്‍ സി. ജേക്കബിനും, മറിയാമ്മ പിള്ള പുരസ്‌കാരം ബിന്ദു കാനയ്ക്കും

ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഡോ. എം. അനിരുദ്ധന്‍ പുരസ്‌കാരം ഡോ. മാമ്മന്‍ സി. ജേക്കബിനും, മറിയാമ്മ പിള്ള പുരസ്‌കാരം ബിന്ദു കാനയ്ക്കും

ന്യൂയോര്‍ക്ക്: ഫൊക്കാന മുന്‍ പ്രസിഡന്റുമാരായ ഡോ. എം. അനിരുദ്ധന്‍, മറിയാമ്മ പിള്ള എന്നിവരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രധാന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടിയുമായുള്ള ദീര്‍ഘകാല സൗഹൃദം പ്രമേയമാക്കി ഡോ. മാമ്മന്‍ സി. ജേക്കബ് എഴുതിയ 'ജനകീയനായ ജനനായകന്‍' എന്ന പുസ്തകത്തിനാണ് ഡോ. എം. അനിരുദ്ധന്‍ പുരസ്‌കാരം ലഭിച്ചത്. ഫൊക്കാനയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്ന മറിയാമ്മ പിള്ളയുടെ പേരിലുള്ള അവാര്‍ഡിന്, നവമാധ്യമങ്ങളിലൂടെ ശ്രദ്ധേയയും അഷിത സ്മാരക പുരസ്‌കാര ജേതാവുമായ ബിന്ദു കാനയുടെ 'ആത്മായനം' എന്ന പുസ്തകം അര്‍ഹമായി.

ഫൊക്കാനയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനും ചരിത്രപ്രസിദ്ധമായ റോച്ചസ്റ്റര്‍ കണ്‍വെന്‍ഷന്റെ വിജയ ശില്‍പിയുമാണ് പൊതുപ്രവര്‍ത്തന രംഗത്ത് തിളങ്ങി നില്‍ക്കുന്ന ഡോ. മാമ്മന്‍ സി. ജേക്കബ്. ഡോ. എം. അനിരുദ്ധനുമായും ഉമ്മന്‍ ചാണ്ടിയുമായും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന അദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത് ജനകീയരായ വ്യക്തികളുടെ അപൂര്‍വ സംഗമമായി മാറി. ഫൊക്കാനയുടെ ആദ്യ വനിതാ പ്രസിഡന്റായ മറിയാമ്മ പിള്ള, എഴുപതുകള്‍ മുതല്‍ അമേരിക്കയിലെത്തുന്ന മലയാളികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുകയും അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയാണ്.

ഭിന്നശേഷി വിദ്യാര്‍ഥികളുടെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും പുനരധിവാസത്തിനായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബിന്ദു കാനയ്ക്ക് ഈ പുരസ്‌കാരം നല്‍കുക വഴി മറിയാമ്മ പിള്ളയുടെ ജീവകാരുണ്യ മാതൃക കൂടിയാണ് ആദരിക്കപ്പെടുന്നത്. മലയാള സാഹിത്യത്തിലെ മികച്ച അംഗീകാരങ്ങളിലൊന്നായ ഫൊക്കാന സാഹിത്യ പുരസ്‌കാരം, 2024-2026 ഭരണസമിതിയുടെ നേതൃത്വത്തില്‍ അമേരിക്കയിലെയും കേരളത്തിലെയും എഴുത്തുകാര്‍ക്ക് പ്രത്യേകം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ കേരളത്തിലെ എഴുത്തുകാര്‍ക്കുള്ള അവാര്‍ഡുകള്‍ കഴിഞ്ഞ വര്‍ഷം കോട്ടയത്ത് വെച്ച് വിതരണം ചെയ്തു.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ പഴയതും പുതിയതുമായ തലമുറകളില്‍ നിന്നായി നിരവധി മികച്ച രചനകളാണ് ഇത്തവണ പുരസ്‌കാരത്തിനായി എത്തിയതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കോരസണ്‍ വര്‍ഗീസ് വ്യക്തമാക്കി. പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളുടെ പേരില്‍ അവാര്‍ഡുകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനയുടെ അഭിമാന താരങ്ങളായ മുന്‍ നേതാക്കളുടെ പേരിലുള്ള പുരസ്‌കാരത്തിന് അര്‍ഹരായ ഡോ. മാമ്മന്‍ സി. ജേക്കബിനെയും ബിന്ദു കാനയെയും ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍ എന്നിവര്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.