മൊജ്തബ ഖൊമേനി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് ഇറാന്‍ വാര്‍ത്താ ഏജന്‍സി; യുദ്ധത്തിന് മുമ്പുള്ള പഴയ വീഡിയോ എന്ന് വിമര്‍ശനം

മൊജ്തബ ഖൊമേനി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് ഇറാന്‍ വാര്‍ത്താ ഏജന്‍സി; യുദ്ധത്തിന് മുമ്പുള്ള പഴയ വീഡിയോ എന്ന് വിമര്‍ശനം

ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖൊമേനിയുടെ (56) ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ മൊജ്തബ ആരോഗ്യവാനായിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്റെ വാര്‍ത്താ ഏജന്‍സി മെഹര്‍ ന്യൂസ്.

ഇറാന്റെ പരമോന്നത നേതാവ് മരണത്തോട് മല്ലിടുകയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആശങ്കയിലാണെന്നും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഇറാന്‍ വയര്‍' എന്ന മാധ്യമ സ്ഥാപനമാണ് റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്. പിന്നീട് ചില അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇതിനെല്ലാം വിപരീതമായി മൊജ്തബ ഖൊമേനി ചിലര്‍ക്കൊപ്പമിരുന്ന് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. പക്ഷേ, ഈ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. വീഡിയോയുടെ വിശ്വാസ്യതയും സ്ഥിരീകരിച്ചിട്ടില്ല.

ഇറാന്‍ മാധ്യമം പുറത്തു വിട്ടത് പഴയ വീഡിയോ ആണെന്നും മൊജ്തബയുടെ ആരോഗ്യ നിലയെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള വിമര്‍ശനം ഉയരുന്നുണ്ട്.

യുദ്ധത്തിന് മുമ്പുള്ള പഴയ വീഡിയോകള്‍ ഇറാന്‍ മാധ്യമം പങ്കുവയ്ക്കുന്നത് അവരുടെ പ്രതിസന്ധിയാണ് കാണിക്കുന്നതെന്നും യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ ഇറാന്‍ എന്ന സംഘടനയുടെ പോളിസി ഡയറക്ടറായ ജേസണ്‍ ബ്രോഡ്സ്‌കി എക്സില്‍ കുറിച്ചു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ പിതാവും ഇറാന്‍ മുന്‍ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊജ്തബ ഖൊമേനിയെ പരമോന്നത നേതാവാക്കിയത്.

ഇതേ ആക്രമണത്തില്‍ മൊജ്തബയ്ക്കും പരിക്കേറ്റിരുന്നതായി റിപ്പോട്ടുകളുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഒരു പൊതു പരിപാടികളിലും പങ്കെടുത്തിട്ടില്ല. പിതാവിന്റെ സംസ്‌കാര ചടങ്ങിലും മൊജ്തബ പങ്കെടുത്തിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.