ഒട്ടാവ: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ രാജ്യത്ത് പ്രവേശിക്കുന്നത് തടയണമെന്നും ആര്‍.എസ്.എസിനെ കാനഡയില്‍ പൂര്‍ണമായി നിരോധിക്കണമെന്നും രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡി.പി) ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ മാസം അവസാനം മോഹന്‍ ഭാഗവത് കാനഡ സന്ദര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് എന്‍.ഡി.പി ഈ ആവശ്യവുമായി വീണ്ടും രംഗത്തെത്തിയത്.
എന്‍.ഡി.പി വിദേശകാര്യ വക്താവ് ഹെതര്‍ മക്‌ഫെര്‍സണ്‍, ഇമിഗ്രേഷന്‍-പബ്ലിക് സേഫ്റ്റി വക്താവ് ജെനി ക്വാന്‍ എന്നിവര്‍ കനേഡിയന്‍ വിദേശകാര്യ, പബ്ലിക് സേഫ്റ്റി, ഇമിഗ്രേഷന്‍ മന്ത്രിമാര്‍ക്ക് ഇതുസംബന്ധിച്ച് സംയുക്തമായി കത്തയച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമെതിരെ വെറുപ്പും അക്രമവും പ്രചരിപ്പിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ് എന്ന് ഹെതര്‍ മക്‌ഫെര്‍സണ്‍ ആരോപിച്ചു.
കാനഡയില്‍ തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന വ്യക്തികളെ ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നുണ്ടെന്നും, മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം ന്യൂനപക്ഷ സമൂഹങ്ങളില്‍ ഭയവും സുരക്ഷാ ഭീഷണിയും വര്‍ധിപ്പിക്കുമെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കാനഡയിലെ സിഖ് സമൂഹത്തിന് നേരിടേണ്ടി വരുന്ന ഭീഷണികളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കണമെന്ന് അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധരും കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കാനഡയുടെ ഇമിഗ്രേഷന്‍ ആന്‍ഡ് റിഫ്യൂജി പ്രൊട്ടക്ഷന്‍ ആക്ടിലെ വകുപ്പുകള്‍ ഉപയോഗിച്ച് ആര്‍.എസ്.എസ് അംഗങ്ങളെയും നേതാക്കളെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയണമെന്ന് ജെനി ക്വാന്‍ ആവശ്യപ്പെട്ടു. കാനഡയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നവര്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന വ്യക്തമായ സന്ദേശം സര്‍ക്കാര്‍ നല്‍കണമെന്നും അവര്‍ വ്യക്തമാക്കി. ആര്‍.എസ്.എസിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ബന്ധപ്പെട്ട ശൃംഖലകള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും എന്‍.ഡി.പി മുന്‍പും കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ ഇടപെടലുകള്‍ക്കും കനേഡിയന്‍ പൗരന്മാര്‍ക്കെതിരായ അക്രമ പ്രേരണകള്‍ക്കും ശക്തമായ തെളിവുകളുണ്ടായിട്ടും ഭരിക്കുന്ന ലിബറല്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു. ഓഗസ്റ്റ് ആറിന് കാനഡയിലെ ഇരുന്നൂറിലധികം സിവില്‍ സൊസൈറ്റി സംഘടനകളും മോഹന്‍ ഭാഗവതിന് പ്രവേശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് സംയുക്ത കത്ത് സമര്‍പ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.