വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടല്‍ ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍, സംഘര്‍ഷത്തില്‍ നിന്ന് യുക്തിസഹമായി പിന്മാറാനുള്ള വഴികള്‍ തേടി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. മേഖലയിലെ തന്ത്രപരമായ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വ്യോമാക്രമണങ്ങള്‍ക്ക് പുറമെയുള്ള ഇളവുകളും നയതന്ത്ര സാധ്യതകളും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗൗരവമായി ചര്‍ച്ച ചെയ്ത് വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരെയുള്ള നിലവിലെ സൈനിക നടപടികള്‍ കൊണ്ട് മാത്രം അമേരിക്ക ലക്ഷ്യമിടുന്ന ഭൗമ രാഷ്ട്രീയ ഫലങ്ങള്‍ നേടാനാകില്ലെന്ന് യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ട്രംപിന്റെ മുതിര്‍ന്ന ഉപദേശകരെ ധരിപ്പിച്ചു. സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിച്ചാല്‍ അത് യു.എസ് സൈന്യത്തിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് അദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭരണകൂടത്തിലെ പ്രമുഖരുമായി കെയ്ന്‍ ആശങ്കകള്‍ പങ്കുവെച്ചതായാണ് സി.എന്‍.എന്‍ പുറത്തുവിട്ട വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇറാനിലേക്ക് നേരിട്ട് കരസേനയെ അയക്കുന്നതിനോട് ട്രംപിന് വിയോജിപ്പുണ്ടെങ്കിലും വ്യോമാക്രമണം ശക്തിപ്പെടുത്തി ലക്ഷ്യങ്ങള്‍ നേടാമെന്ന വിശ്വാസത്തിലാണ് അദേഹം. എന്നാല്‍ വ്യോമാക്രമണത്തിന് മാത്രമായി പരിമിതികളുണ്ടെന്നും ആണവായുധ നീക്കങ്ങളെ തടയാന്‍ കേവലം വ്യോമസേനയെ ആശ്രയിക്കുന്നത് അപ്രായോഗികമാണെന്നും സൈനിക ഉന്നതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ യു.എസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളിലും പീരങ്കി-മിസൈല്‍ സംഭരണത്തിലും വലിയ തോതിലുള്ള ക്ഷാമം നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ആയുധ ശേഖരം കുറയുന്നത് മേഖലയിലെ ഗള്‍ഫ് സഖ്യ രാജ്യങ്ങളിലും കനത്ത സുരക്ഷാ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സൈനിക മേധാവി ജനറല്‍ കെയ്ന്‍ പ്രകടിപ്പിച്ച നിലപാടുകളോട് മറ്റ് പല മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സമാനമായ കാഴ്ചപ്പാടാണുള്ളത്. വൈറ്റ് ഹൗസ് യോഗങ്ങളില്‍ നിലവിലെ യുദ്ധ തന്ത്രങ്ങളുടെ പരിമിതി ചൂണ്ടിക്കാണിക്കുമ്പോഴും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള സൈനികപരമായ വിധേയത്വവും നല്ല ബന്ധവും നിലനിര്‍ത്താന്‍ കെയ്ന്‍ ശ്രദ്ധിക്കുന്നുണ്ട്.
ആക്രമണം തുടരാന്‍ പ്രസിഡന്റ് ഉത്തരവിട്ടാല്‍ അതിന് സൈന്യം തയ്യാറാണെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ, രാഷ്ട്രീയമായി യു.എസിന്റെ വിജയം വിളംബരം ചെയ്യാനും നയതന്ത്ര വാതിലുകള്‍ തുറക്കാനും സാധിക്കുന്ന ഒരു മധ്യവര്‍ത്തി മാര്‍ഗം കണ്ടെത്താനാണ് നിലവില്‍ ഭരണകൂടം ശ്രമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.