'ഇന്നത്തെ ഡിഗ്രി വെറുമൊരു കടലാസ് തുണ്ട്': പ്രയാഗ്‌രാജില്‍ വിദ്യാര്‍ഥികളോട് രാഹുല്‍ ഗാന്ധി; തൊഴിലില്ലായ്മയിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനം

'ഇന്നത്തെ ഡിഗ്രി വെറുമൊരു കടലാസ് തുണ്ട്': പ്രയാഗ്‌രാജില്‍ വിദ്യാര്‍ഥികളോട് രാഹുല്‍ ഗാന്ധി; തൊഴിലില്ലായ്മയിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനം

പ്രയാഗ്‌രാജ്: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകരുകയാണെന്നും ഇന്നത്തെ യുവതലമുറ നേടുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു തൊഴില്‍ മൂല്യവുമില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉത്തരപ്രദേശിലെ പ്രയാഗ്രാജില്‍ സംഘടിപ്പിച്ച ഛാത്രോം കി ഗൂഞ്ച് എന്ന വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ സംസാരിക്കവെയാണ് തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി അദേഹം കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

വലിയ തുക ചെലവഴിച്ച് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വിപണിയില്‍ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി, രാജ്യത്ത് നിരന്തരം അരങ്ങേറുന്ന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും സാധാരണ സംഭവങ്ങളായി മാറിയെന്നും ആരോപിച്ചു. സമ്പന്ന വിഭാഗങ്ങള്‍ക്ക് ചോദ്യപേപ്പര്‍ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുമ്പോള്‍ ദരിദ്രരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയാണെന്ന് അദേഹം പറഞ്ഞു.

രാജ്യത്തെ നാല്‍പ്പത് കോടിയോളം വരുന്ന യുവജനങ്ങളുടെ ജീവിതം വേദനയും ഡാറ്റയും സമ്പത്തും കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. വിദ്യാര്‍ഥികളുടെ കൈയില്‍ വേദനയും വ്യക്തിഗത വിവരങ്ങളായ ഡാറ്റയും മാത്രമാണ് ശേഷിക്കുന്നത്. ഈ ഡാറ്റ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിറ്റഴിക്കുന്ന സര്‍ക്കാര്‍, യുവാക്കളെ സോഷ്യല്‍ മീഡിയ റീലുകളിലും മറ്റ് ഡിജിറ്റല്‍ വിനോദങ്ങളിലും തളച്ചിട്ട് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ വന്‍കിടക്കാര്‍ക്ക് പങ്കുവെച്ചു നല്‍കുകയാണ് ചെയ്യുന്നത്.

അമേരിക്കയ്ക്കും ചൈനയ്ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത വിധത്തിലുള്ള വന്‍ യുവജനശേഷി ഇന്ത്യയ്ക്കുണ്ടായിട്ടും ആ സാധ്യതകളെ രാജ്യപുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതില്‍ നിലവിലെ ഭരണസംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ സാമ്പത്തിക വ്യവസ്ഥ യുവത്വത്തെയും ഡാറ്റയെയും കേന്ദ്രീകരിച്ചുള്ളതാണെന്ന് വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ച അദേഹം, നിലവിലുള്ള അശാസ്ത്രീയമായ വ്യവസ്ഥിതിക്കെതിരേ വെറുപ്പോ അക്രമമോ ഇല്ലാതെ സ്‌നേഹത്തിലൂന്നിയ പ്രതിരോധം ഉയര്‍ത്തണമെന്നും ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.