ഇസ്ലമാബാദ്: പാകിസ്ഥാനില്‍ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമാകുന്നു. രാജ്യത്തെ നിലവിലെ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി പരസ്യമായി പ്രസ്താവിച്ചതോടെയാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.
പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും വക്താവുമായി അറിയപ്പെടുന്ന നഖ്വിയുടെ ഈ വാക്കുകള്‍ സിവിലിയന്‍ ഭരണകൂടത്തിന്റെ അന്ത്യ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിലവിലെ ഭരണസംവിധാനവുമായി ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം കേവലമൊരു പ്രസ്താവനയല്ലെന്നും സൈനിക അട്ടിമറിയുടെ വ്യക്തമായ മുന്നോടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പദവിയില്‍ തുടരുന്നുണ്ടെങ്കിലും രാജ്യത്തിന്റെ യഥാര്‍ത്ഥ സര്‍വ്വാധികാരിയായി അസിം മുനീര്‍ മാറിയിരിക്കുകയാണ്. സാമ്പത്തികം, ആണവ കമാന്‍ഡ്, സുരക്ഷ, നയതന്ത്രം, ജനസംഖ്യാ നിയന്ത്രണം തുടങ്ങി ഭരണത്തിന്റെ എല്ലാ മേഖലകളിലും തീരുമാനങ്ങള്‍ എടുക്കുന്നത് നിലവില്‍ സൈനിക നേതൃത്വമാണ്. നിര്‍ണായകമായ എല്ലാ ഔദ്യോഗിക വേദികളിലും പ്രധാനമന്ത്രിക്കൊപ്പം മുനീര്‍ സാന്നിധ്യമറിയിക്കുന്നത് ഭരണത്തിലുള്ള സൈന്യത്തിന്റെ നേരിട്ടുള്ള പിടിമുറുക്കലിന് തെളിവാണ്.
ജനാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞ പുതിയൊരു ഭരണ സംവിധാനം കൊണ്ടുവരാന്‍ സൈന്യം പദ്ധതിയിടുന്നതായി മുന്‍ സൈനിക ഉദ്യോഗസ്ഥനായ ആദില്‍ രാജ അവകാശപ്പെടുന്നു. പുതിയ മാറ്റങ്ങളിലൂടെ അസിം മുനീര്‍ പ്രസിഡന്റായും മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയായും അധികാരമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് അദേഹത്തിന്റെ നിരീക്ഷണം. സാമ്പത്തിക തകര്‍ച്ച, ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലുമുണ്ടാകുന്ന ശക്തമായ വിമത നീക്കങ്ങള്‍, ജനങ്ങള്‍ക്കിടയിലെ ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവ പാകിസ്ഥാനെ നിലവില്‍ വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ആഭ്യന്തര കലാപങ്ങളും ഭരണപ്രതിസന്ധികളും തുടരുന്ന സാഹചര്യത്തില്‍ മുനീര്‍ നേരിട്ട് ഭരണം ഏറ്റെടുത്ത് സൈനിക നിയമം പ്രഖ്യാപിക്കാന്‍ സാധ്യതയേറെയാണെന്ന് വിരമിച്ച ഇന്ത്യന്‍ ആര്‍മി മേജര്‍ ജനറല്‍ സി.എം സേത്ത് വ്യക്തമാക്കുന്നു. 1947 ല്‍ രൂപീകൃതമായതിന് ശേഷം നാല് തവണ സൈനിക അട്ടിമറിക്ക് സാക്ഷ്യം വഹിച്ച പാകിസ്ഥാന്‍, ഇപ്പോള്‍ അഞ്ചാമതൊരു സൈനിക ഭരണത്തിലേക്ക് നീങ്ങുകയാണോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.