വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യനില കൂടുതല്‍ ഗുരുതരമായതായി മകന്‍ ഹണ്ടര്‍ ബൈഡന്‍. എണ്‍പത്തിമൂന്നുകാരനായ അദ്ദേഹത്തെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ അസ്ഥികളിലേക്കും മറ്റ് ശരീര ഭാഗങ്ങളിലേക്കും പടര്‍ന്നതായി ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ മകന്‍ വെളിപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് നാല് മാസങ്ങള്‍ക്ക് ശേഷം 2025 മെയ് മാസത്തിലാണ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. നിലവില്‍ കാന്‍സര്‍ കോശങ്ങള്‍ അസ്ഥികളിലേക്ക് വ്യാപിച്ചതിനാല്‍ അതികഠിനമായ വേദനയിലൂടെയും വലിയ അവശതയിലൂടെയുമാണ് തന്റെ പിതാവ് കടന്നു പോകുന്നതെന്ന് ഹണ്ടര്‍ പറഞ്ഞു.
പിതാവിന്റെ ശാരീരിക ക്ഷമത കുറയുന്നത് കാണുമ്പോള്‍ വലിയ വിഷമമുണ്ടെന്നും, സ്വന്തം ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം കൂടുതല്‍ തുറന്നു പറയുന്നില്ലെന്നും ഹണ്ടര്‍ കൂട്ടിച്ചേര്‍ത്തു. കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും രാജ്യത്തോടുള്ള സ്‌നേഹം മൂലം അദ്ദേഹം ഇപ്പോഴും പൊതുജീവിതത്തില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് ഹണ്ടര്‍ പറയുന്നു. പ്രധാനപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം ഇപ്പോഴും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുണ്ട്. ഇതിന് പുറമെ, വരാനിരിക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം 'പ്രോമിസ് മീ, അമേരിക്ക' എന്ന പേരില്‍ ജോ ബൈഡന്‍ തന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനും ഒരുങ്ങുകയാണ്.
അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയിലെത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. അദ്ദേഹത്തിന്റെ ഭരണകാലത്ത് തന്നെ പ്രായവും ആരോഗ്യവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
എന്നാല്‍ പ്രസിഡന്റായിരുന്ന സമയത്ത് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുടെ വ്യാപ്തി പൂര്‍ണമായി വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ബൈഡനും മുന്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാക്കള്‍ക്കുമെതിരെ ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഡൊണാള്‍ഡ് ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയത്. പിന്നീട് മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് ഡെമോക്രാറ്റിക് പ്രതിനിധിയായി എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കമലയെ പരാജയപ്പെടുത്തി ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.