തിരുവനന്തപുരം: ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിന്റെ മണ്ണിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നില്‍ നടന്നത് വിദേശനാണ്യ വിനിമയ ചട്ടങ്ങളും സാമ്പത്തിക മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയുള്ള കോടികളുടെ തട്ടിപ്പെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ ഇടപാടുകളില്‍ നിഴല്‍ കമ്പനികളുടെ സാന്നിധ്യവും കള്ളപ്പണം വെളുപ്പിക്കല്‍ ശ്രമങ്ങളും നടന്നതായി കായിക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സമഗ്ര അന്വേഷണം ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കായിക മന്ത്രി ഒ.ജെ ജനീഷ് മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിനായി കൈമാറി.
ഇടപാടിലെ പ്രധാന പങ്കാളിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) 126 കോടി രൂപ കൈമാറിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ തുക കൈമാറിയതിന്റേയോ എഎഫ്എ ഇത് സ്വീകരിച്ചതിന്റേയോ യാതൊരുവിധ ബാങ്കിങ് രേഖകളും നിലവിലില്ല. അതിലുപരി സംസ്ഥാന സര്‍ക്കാരും എഎഫ്എയും തമ്മിലോ, സര്‍ക്കാരും സ്‌പോണ്‍സറും തമ്മിലോ യാതൊരു നിയമപരമായ കരാറുകളും നിലനില്‍ക്കുന്നില്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
തട്ടിപ്പിന് കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. 2023 ജൂലൈയില്‍ കളമശേരിയിലെ ഗോട്ട് ആഡ് ഗ്ലോബല്‍ എന്ന സ്ഥാപനം സര്‍ക്കാരിനെ സമീപിക്കുമ്പോള്‍ അത് രൂപീകരിച്ച് വെറും 20 ദിവസം മാത്രമായിരുന്നു പ്രായം. ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള ഈ സ്ഥാപനത്തിന് ശേഷമാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി രംഗത്ത് വരുന്നത്. പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളുടെയും വിലാസം ഒന്നാണെന്ന് കണ്ടെത്തി. യാതൊരുവിധ സുതാര്യതയോ ടെന്‍ഡര്‍ നടപടികളോ ഇല്ലാതെയാണ് ഇത്തരം സാമ്പത്തികശേഷിയില്ലാത്ത കമ്പനികള്‍ക്ക് കൂറ്റന്‍ പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏകപക്ഷീയമായി നല്‍കിയത്.
വിദേശത്തേക്ക് പണം അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രാനുമതി തേടിയ സ്‌പോണ്‍സര്‍മാര്‍ അതിനായി ഉപയോഗിച്ചത് യു.എസ് ആസ്ഥാനമായുള്ള ഒരു ഏജന്‍സിയെയാണ്. എന്നാല്‍ ഈ ഏജന്‍സി അമേരിക്കയില്‍ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന സ്ഥാപനമാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. പണം അയച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും, അവര്‍ ഉന്നയിച്ച അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ 22.68 കോടി രൂപ സേവനനികുതി അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് ഇതിനോടകം സ്‌പോണ്‍സര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.
മെസിയുടെ വരവിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ലഭിക്കുന്നതിന് മുന്‍പാണ് കേരളം കേന്ദ്രത്തിന് കത്തെഴുതിയതും അനുമതികള്‍ സമ്പാദിച്ചതും. എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായിക മന്ത്രിയുടെ ഓഫീസ് നടത്തിയ ചില ഇമെയിലുകള്‍ മാത്രമാണ് ഫയലിലുള്ളത്. ഇവ പോലും സംഭവത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വകുപ്പിന്റെ ഔദ്യോഗിക ഫയലില്‍ ചേര്‍ത്തത്. ഇതിന് പുറമെ 2024 സെപ്റ്റംബറില്‍ അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാനും ഉന്നത ഉദ്യോഗസ്ഥരും അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിനില്‍ നടത്തിയ വിദേശ പര്യടനത്തിലും ദുരൂഹതയേറെയാണ്.
എഎഫ്എയുടെ ഔദ്യോഗിക ക്ഷണമില്ലാതെ നടത്തിയ ഈ യാത്രയില്‍ മന്ത്രിയും സംഘവും ആരുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നതിനെക്കുറിച്ച് യാതൊരു രേഖകളും ലഭ്യമല്ല. പദ്ധതി നടപ്പിലാകാതെ നീണ്ടുപോയപ്പോള്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അന്വേഷണം വിജിലന്‍സിനും കേന്ദ്ര സാമ്പത്തിക അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.