ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പാറ്റ പരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സി.ബി.ഐയ്ക്കും നോട്ടീസ് അയച്ചു.
കോക്രോച്ച് ജനത പാര്‍ട്ടി അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ രാജ ചൗധരി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
കഴിഞ്ഞ മെയ് 15 ന് ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, വ്യാജ അഭിഭാഷകരെയും ജുഡീഷ്യറിയുടെ അന്തസ് കെടുത്തുന്ന നടപടികളെയും ചൂണ്ടിക്കാണിക്കാനാണ് ചീഫ് ജസ്റ്റിസ് പാറ്റ എന്ന വാക്ക് ഉപമയായി ഉപയോഗിച്ചത്. എന്നാല്‍ ഈ പരാമര്‍ശം യഥാര്‍ഥ സന്ദര്‍ഭത്തില്‍ നിന്ന് വേര്‍പെടുത്തി ദുരുദേശ്യത്തോടെ എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
കോടതി നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ക്ലിപ്പ് ചെയ്ത് മീമുകളാക്കി മാറ്റുന്നതും സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നതും അടുത്ത കാലത്തായി വര്‍ധിച്ച് വരികയാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഭരണഘടനാപരമായ വിമര്‍ശനങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും അനുവദനീയമാണെങ്കിലും ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ കോടതി നിരീക്ഷണങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശനമായ നിയമ സംവിധാനം ആവശ്യമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.