മാഡ്രിഡ് ദൈവാലയത്തിലെ ദിവ്യകാരുണ്യ അപമാനവും തിരുശേഷിപ്പ് മോഷണവും; കർശന അന്വേഷണം ആവശ്യപ്പെട്ട് ക്രൈസ്തവ അഭിഭാഷക സംഘടന കോടതിയിൽ

മാഡ്രിഡ് ദൈവാലയത്തിലെ ദിവ്യകാരുണ്യ അപമാനവും തിരുശേഷിപ്പ് മോഷണവും; കർശന അന്വേഷണം ആവശ്യപ്പെട്ട് ക്രൈസ്തവ അഭിഭാഷക സംഘടന കോടതിയിൽ

മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡിലുള്ള കത്തോലിക്കാ ദൈവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അപമാനത്തിനും അപൂർവ തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ട സംഭവത്തിനും എതിരെ ശക്തമായ ക്രിമിനൽ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് പ്രമുഖ ക്രൈസ്തവ അഭിഭാഷക സംഘടനയായ ‘ആബോഗാഡോസ് ക്രിസ്റ്റിയാനോസ്’ കോടതിയെ സമീപിച്ചു.

മാഡ്രിഡിലെ സെന്റ് മാർഗ്ഗരറ്റ് മേരി അലക്കോക്ക് ഇടവക ദൈവാലയത്തിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികൾ രണ്ട് സക്രാരികൾ തകർക്കുകയും പരിശുദ്ധ ദിവ്യകാരുണ്യത്തെ അപമാനിക്കുകയും വിശുദ്ധന്റെ തിരുശേഷിപ്പ് മോഷ്ടിക്കുകയുമായിരുന്നു.

ഈശോയുടെ തിരുഹൃദയ ഭക്തി ലോകമെങ്ങും പ്രചരിപ്പിച്ച വിശുദ്ധ മാർഗ്ഗരറ്റ് മേരി അലക്കോക്കിന്റെ നാമധേയിത്തിലുള്ള ഈ ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന അപൂർവ തിരുശേഷിപ്പാണ് അക്രമികൾ അപഹരിച്ചത്. കത്തോലിക്കാ സഭയിൽ ഏറ്റവും പരിശുദ്ധമായി കരുതപ്പെടുന്ന ദിവ്യകാരുണ്യത്തിന് നേരെ നടന്ന ഈ നീചമായ പ്രവൃത്തിയിൽ സ്പെയിനിലെ ക്രൈസ്തവ സമൂഹവും വിശ്വാസികളും കടുത്ത അമർഷത്തിലും അതീവ ദുഖത്തിലുമാണ്.

അപമാനിക്കപ്പെട്ട വിശുദ്ധ കൂദാശയ്ക്കും തിരുശേഷിപ്പുകൾക്കും പരിഹാരമായി ദൈവാലയത്തിൽ പ്രത്യേക പരിഹാര പ്രദക്ഷിണവും പ്രാർഥനാ ശുശ്രൂഷകളും നടത്തുമെന്ന് സഭാ അധികാരികൾ അറിയിച്ചു.

ക്രൈസ്തവ വിശ്വാസത്തെയും ആരാധനാലയങ്ങളെയും ബോധപൂർവം അധിക്ഷേപിക്കുന്ന കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരുടെ സംഘടന കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

സ്പെയിനിൽ അടുത്ത കാലത്തായി ക്രൈസ്തവ ദേവാലയങ്ങൾക്കും വിശുദ്ധ പ്രതീകങ്ങൾക്കും നേരെ ഉണ്ടാകുന്ന ആക്രമണ സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയമനടപടികൾ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.