വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നടപടി; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടിക പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നടപടി; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സേവന മികവും ആത്മാര്‍പ്പണവും മുന്‍നിര്‍ത്തി നല്‍കുന്ന 2026 ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ റാങ്കുകളിലുള്ള 281 പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഈ അംഗീകാരത്തിന് അര്‍ഹരായത്. സംസ്ഥാന പൊലീസ് മേധാവിയുടെയും പ്രത്യേക സ്‌ക്രീനിങ് സമിതിയുടെയും ശുപാര്‍ശകള്‍ സമഗ്രമായി വിലയിരുത്തിയാണ് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയത്.

അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍മാര്‍ മുതല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ വരെയുള്ള സേനയിലെ വിവിധ തലങ്ങളില്‍പ്പെട്ടവര്‍ മെഡല്‍ പട്ടികയിലുണ്ട്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടക്കേണ്ട മെഡല്‍ പ്രഖ്യാപനം വൈകിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വൈകലിന് കാരണമായതെന്ന ആരോപണവും ഉയര്‍ന്നു.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊലീസ് ആസ്ഥാനത്ത് നിന്നും ശുപാര്‍ശാ പട്ടിക കൈമാറിയിരുന്നുവെങ്കിലും പരിശോധനകള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. വിഷയത്തില്‍ മാധ്യമശ്രദ്ധയും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല അടിയന്തരമായി ഇടപെടുകയായിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ അദേഹം നിര്‍ദേശം നല്‍കി. വൈകിയെങ്കിലും സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്നുതന്നെ പട്ടിക പുറത്തിറക്കുമെന്ന് അറിയിച്ച മന്ത്രി, ഇടപെടല്‍ ശക്തമാക്കിയതോടെ രാത്രി വൈകി ഔദ്യോഗികമായി മെഡല്‍ പ്രഖ്യാപനം പുറത്ത് വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.