ബോസ്റ്റൺ:
ബാങ്കോറിൽ നിന്ന് ബോസ്റ്റണിലേക്ക് സാധാരണയായി ആളുകൾ വാഹനങ്ങളിലാണ് യാത്ര ചെയ്യാറുള്ളതെങ്കിലും കാൻസർ രോഗബാധിതരായ കുരുന്നുകളുടെയും അവരുടെ കുടുംബങ്ങളുടെയും കണ്ണീരൊപ്പാൻ 240 മൈലുകൾ (ഏകദേശം 386 കിലോമീറ്റർ) കാൽനടയായി താണ്ടുകയാണ് നെയ്റ്റ് ഡഗ്ലസ് എന്ന യുവാവ്. ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ‘എക്സ്ട്രാ ഓർഡിനറി നീഡ്സ് ഫണ്ടിലേക്ക്’ തുക സമാഹരിക്കുകയാണ് ഈ വേറിട്ട യാത്രയുടെ ലക്ഷ്യം.
ആശുപത്രിവാസ സമയത്ത് ഇൻഷുറൻസിലോ പരമ്പരാഗത ചികിത്സാ പദ്ധതികളിലോ ഉൾപ്പെടാത്ത പാർക്കിംഗ് ഫീസ്, ഭക്ഷണ വൗച്ചറുകൾ, വസ്ത്രങ്ങൾ തുടങ്ങിയ ദൈനംദിന ചെലവുകൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി മാറുന്ന ഒന്നാണ് ഈ ഫണ്ട്.
ബാങ്കോറിലെ ഹോളിവുഡ് കാസിനോയിൽ നിന്നാണ് നെയ്റ്റ് തന്റെ 16 ദിവസം നീളുന്ന കാൽനടയാത്ര ആരംഭിച്ചത്. യു.എസ്. റൂട്ട് 1 വഴി പ്രതിദിനം ശരാശരി 15 മൈൽ ദൂരം നടന്നു തീർക്കാനാണ് പദ്ധതി. നഴ്സിംഗ് പഠനം നടത്തുന്ന നെയ്റ്റിന് ഈ ദീർഘദൂര യാത്ര നൽകുന്ന ശാരീരിക ബുദ്ധിമുട്ടുകളേക്കാൾ പ്രധാനം കാൻസറിനോട് പൊരുതുന്ന കുരുന്നുകളുടെയും അവരുടെ മാതാപിതാക്കളുടെയും അതിജീവന പോരാട്ടമാണ്.
തന്റെ ഇരുപതുകളുടെ തുടക്കത്തിൽ തലച്ചോറിൽ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് നേരിട്ട ആരോഗ്യപ്രതിസന്ധിയാണ് നെയ്റ്റിനെ ഇത്തരം ഒരു ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നയിച്ചത്. പിന്നീട് അത് കാൻസർ അല്ലെന്ന് സ്ഥിരീകരിച്ചെങ്കിലും ഒരു ഗുരുതര രോഗം സൃഷ്ടിക്കുന്ന സാമ്പത്തിക-മാനസിക ആഘാതം എത്രത്തോളമാണെന്ന് അദേഹം നേരിട്ടറിഞ്ഞു.
തുടക്കത്തിൽ 2,000 ഡോളർ ഫണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ചൊവ്വാഴ്ചയോടെ നെയ്റ്റിന്റെ അക്കൗണ്ടിലേക്ക് എത്തിയത് 12,000 ഡോളറിലധികമാണ്. അതായത് ലക്ഷ്യമിട്ടതിന്റെ ആറിരട്ടിയിലധികം തുക. നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉടനടി സഹായമെത്തിക്കാൻ ഈ തുക മതിയാകുമെന്ന് ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.
തന്റെ ജോലിയിൽ നിന്ന് ആഴ്ചകളോളം അവധിയെടുത്താണ് നെയ്റ്റ് ഈ യാത്രക്ക് ഇറങ്ങിത്തിരിച്ചത്. രണ്ടാഴ്ച കൊണ്ട് യാത്ര പൂർത്തിയാക്കി ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തുമ്പോൾ സമാഹരിച്ച തുകയുടെ ചെക്ക് നെയ്റ്റ് കൈമാറും. നെയ്റ്റിന്റെ നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.