കീവ്: മോസ്കോയെ ഞെട്ടിച്ചുകൊണ്ട് റഷ്യയിലുടനീളം വൻ ഡ്രോണാക്രമണം നടത്തി ഉക്രെയ്ൻ. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നിൽ ആറുപേർ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ റഷ്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ അഞ്ച് പേരും ജീവൻ വെടിഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ റഷ്യൻ തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ ടാസ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. റഷ്യക്കെതിരായ ആക്രമണങ്ങൾ സെലൻസ്കിയുടെ ഭരണകൂടം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
രാജ്യത്തുടനീളം ഒറ്റരാത്രികൊണ്ട് 822 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. നൂറുകണക്കിന് ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ച് ഊർജ നിലയങ്ങളെയും സൈനിക വ്യവസായങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു.
ഈ ആക്രമണത്തിൽ മോസ്കോയ്ക്ക് സമീപമുള്ള പ്രമുഖ റഷ്യൻ വിതരണ കമ്പനിയായ 'വൈൽഡ്‌ബെറിസിന്‍റെ' കൊളെഡിനോ ലോജിസ്റ്റിക്സ് ഹബ്ബിന് തീപിടിച്ചു. 250,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വൻകിട കോംപ്ലക്സിന് മുകളിൽ വലിയ പുകപടലം ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം ഉക്രെയ്നിലെ സപോരിജിയ, സുമി, ക്രിവി റിഹ് എന്നിവിടങ്ങളിൽ റഷ്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ നിരവധി വീടുകളും വ്യവസായ കേന്ദ്രങ്ങളും തകർന്നു. യുക്രൈനിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപ്പാദകരായ, ഇന്ത്യൻ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്‍റെ ഉടമസ്ഥതയിലുള്ള 'ആർസെലർമിറ്റൽ ക്രിവി റിഹ്' പ്ലാന്റിനു നേരെയും റഷ്യൻ മിസൈൽ ആക്രമണമുണ്ടായി.
ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവെച്ചതായി എപി സ്ഥിരീകരിച്ചു. ക്രിവി റിഹിലെ മെറ്റലർജിക്കൽ പ്ലാന്റും കിയവിലെ സൈനിക-വ്യാവസായിക കേന്ദ്രങ്ങളും തങ്ങളുടെ സൈന്യം ലക്ഷ്യമിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.