ക്യൂബയിൽ വിശുദ്ധ കുർബാനയ്ക്കുള്ള ഓസ്തിക്ഷാമം രൂക്ഷം; സഹായിക്കാൻ രംഗത്തിറങ്ങി അയൽരാജ്യങ്ങൾ

ക്യൂബയിൽ വിശുദ്ധ കുർബാനയ്ക്കുള്ള ഓസ്തിക്ഷാമം രൂക്ഷം; സഹായിക്കാൻ രംഗത്തിറങ്ങി അയൽരാജ്യങ്ങൾ

ഹവാന: ക്യൂബയിൽ വിശുദ്ധ കുർബാനയ്ക്കുള്ള ഓസ്തിയുടെ ലഭ്യത കുറഞ്ഞതിനെ തുടർന്ന് പ്രതിസന്ധി പരിഹരിക്കാൻ കോസ്റ്റാറിക്കയിലെ കത്തോലിക്ക സഭ രംഗത്ത്. ആദ്യഘട്ടമായി 20,000 ഓസ്തിയാണ് ക്യൂബയിലേക്ക് എത്തിക്കുന്നത്. ജൂണിൽ പ്യൂർട്ടോ റിക്കോയും പനാമയും നൽകിയ സമാനമായ സഹായങ്ങൾക്ക് ഒപ്പമാണിത്.

മാവ് പോലുള്ള അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും ദ്വീപിലുടനീളമുള്ള തുടർച്ചയായ വൈദ്യുതി മുടക്കവും കാരണം ക്യൂബയിൽ ഓസ്തി ഉൽപ്പാദനം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഹായവുമായി അയൽരാജ്യങ്ങൾ എത്തിയതെന്ന് കോസ്റ്റാറിക്കയിലെ മെത്രാൻ സമിതി അറിയിച്ചു.

കോസ്റ്റാറിക്കയിലെ ഓരോ പള്ളിയിലേക്കും ഓസ്തി വിതരണം ചെയ്യുന്ന എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ നിർമ്മാണശാലയിൽ നിന്ന് ഹോളി റിഡീമർ സന്യാസ സമൂഹത്തിലെ ഫാ. ഹോസെ അരായയും സംഘവുമാണ് ഓസ്തി ഏറ്റുവാങ്ങിയത്.

ക്യൂബയിലെ ഇപ്പോഴത്തെ സാഹചര്യം മേഖലയിലെ സഹോദര സഭകളുടെ ഐക്യദാർഢ്യത്തെയാണ് ഉണർത്തിയിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. നിലവിൽ ക്യൂബയിലുടനീളം വിതരണം ചെയ്യാനുള്ള ഓസ്തി കാർമലൈറ്റ് സമൂഹത്തിന്റെ ആസ്ഥാനമായ സാന്താ തെരേസ ആൻഡ് സാൻ ജോസ് ആശ്രമത്തിലാണ് നിർമ്മിക്കുന്നത്.

ദശാബ്ദങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും അടിസ്ഥാന സൗകര്യങ്ങളുടെ ശോച്യാവസ്ഥയും കാരണം ക്യൂബയുടെ നിലവിലെ അവസ്ഥ അതീവ ദയനീയമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയാണ് ക്യൂബ അഭിമുഖീകരിക്കുന്നത്.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കടുത്ത ക്ഷാമത്തിനൊപ്പം മിക്ക പ്രവിശ്യകളിലും ദിവസത്തിൽ 20 മണിക്കൂറിലേറെ നീളുന്ന വൈദ്യുതി മുടക്കവും തുടരുന്ന സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധികൾക്കിടയിലും വിവിധ കത്തോലിക്ക സംഘടനകൾ രാജ്യത്തേക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.