ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവതിയെ അറസ്റ്റ് ചെയ്യുന്നതിന് വിലക്ക്; ഇസ്ലാമിക പൊലീസിന് നൈജീരിയൻ ഫെഡറൽ കോടതിയുടെ തിരിച്ചടി

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവതിയെ അറസ്റ്റ് ചെയ്യുന്നതിന് വിലക്ക്; ഇസ്ലാമിക പൊലീസിന് നൈജീരിയൻ ഫെഡറൽ കോടതിയുടെ തിരിച്ചടി

കാനോ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച 22 വയസുള്ള യുവതിയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും നിർബന്ധിത വിവാഹത്തിന് ഇരയാക്കുന്നതിൽ നിന്നും നൈജീരിയയിലെ കാനോ സ്റ്റേറ്റിലെ ഹിസ്ബ പൊലീസിനെ ഫെഡറൽ ഹൈക്കോടതി വിലക്കി. അധികാരപരിധി ലംഘിച്ച് വ്യക്തിസ്വാതന്ത്ര്യത്തിൽ കടന്നുകയറാൻ മതപൊലീസിന് അവകാശമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സുപ്രധാന വിധി.

സുരക്ഷാകാരണങ്ങളാൽ ‘സാറ’ എന്ന് പേര് മാറ്റി വിളിക്കുന്ന യുവതി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. മാതാപിതാക്കളുടെ മരണശേഷം സഹോദരങ്ങൾ ക്രൂരമായി പീഡിപ്പിക്കുകയും നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്നാണ് സാറ വീട്ടിൽ നിന്ന് മാറിത്താമസിച്ചത്. തുടർന്ന് ഒരു ക്രിസ്ത്യൻ കുടുംബത്തിൽ അഭയം തേടിയ അവർ സ്വന്തം ഇഷ്ടപ്രകാരമാണ് ക്രിസ്തുമതം സ്വീകരിച്ചത്.

എന്നാൽ സാറയെ കണ്ടെത്താൻ സഹോദരങ്ങൾ ഹിസ്ബ മതപൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് യുവതിയെ നാല് ദിവസത്തോളം നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ച് മർദിക്കുകയും നിർബന്ധിത വിവാഹത്തിന് സമ്മർദം ചെലുത്തുകയും ചെയ്തു.

പിന്നീട് ക്രിസ്ത്യൻ കുടുംബത്തിന്റെ സഹായത്തോടെ സുരക്ഷിത താവളത്തിലേക്ക് മാറിയ സാറയ്‌ക്കെതിരെ അവർ തന്നെ തട്ടിക്കൊണ്ടുപോയെന്ന വ്യാജ ആരോപണവുമായി മതപൊലീസ് രംഗത്തുവന്നു. തുടർന്ന് നിയമസഹായ സംഘടനയായ ‘എഡിഎഫ് ഇന്റർനാഷണൽ’ ന്റെ സഹായത്തോടെയാണ് യുവതി കോടതിയെ സമീപിച്ചത്.

യുവതിയുടെ മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശവും ഹിസ്ബ പൊലീസ് ലംഘിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്രിസ്ത്യാനികളായോ മറ്റ് ഇസ്ലാം ഇതര മതസ്ഥരുടെമേലോ അധികാരം പ്രയോഗിക്കാൻ ഹിസ്ബ പൊലീസിന് അവകാശമില്ലെന്നും ഇഷ്ടമുള്ള മതം സ്വീകരിക്കാനും നിർബന്ധിത വിവാഹം നിരസിക്കാനും യുവതിക്ക് പൂർണ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടാതെ യുവതി നേരിട്ട മനുഷ്യാവകാശ ലംഘനങ്ങൾ പരിഗണിച്ച് അവർക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.