ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

 ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും നിലവില്‍ കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

സുപ്രീം കോടതിയുടെ സുപ്രധാന ഭരണഘടനാ വിധികള്‍ മുന്‍നിര്‍ത്തി കാസര്‍ഗോഡ് കുമ്പള ഉപജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷ സ്‌കൂളായ കുന്താര്‍ എയുപി സ്‌കൂളിലെ പ്രഥമാധ്യാപികയുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സുപ്രീം കോടതി വിധികള്‍ കൃത്യമായി നടപ്പിലാക്കി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ടെറ്റ് ഇളവ് അനുവദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പൊതു ഉത്തരവിറക്കുന്നത് ഇതാദ്യമായാണ്.

2014 ലെ പ്രമതി എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് കേസില്‍ വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് 2025 ല്‍ അഞ്ചുമന്‍ ഇഷാഅത്ത്-ഇ-താലീം ട്രസ്റ്റ് കേസില്‍ പൊതുവിഭാഗം സ്‌കൂളുകള്‍ക്ക് ടെറ്റ് നിര്‍ബന്ധമാക്കിയപ്പോഴും ഭരണഘടനയുടെ അനുച്ഛേദം 30(1) പ്രകാരമുള്ള ന്യൂനപക്ഷ സ്‌കൂളുകളെ ഇതില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുകയും വിഷയം ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. ഏഴംഗ ബെഞ്ചിന്റെ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ടെറ്റ് ബാധകമല്ലെന്ന സംരക്ഷണം നല്‍കിയ വിധിയിലെ നിര്‍ദ്ദേശങ്ങളും പുനപരിശോധനാ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

കുന്താര്‍ എയുപി സ്‌കൂളിലെ പ്രഥമാധ്യാപികയായി നിയമിതയായ ദാക്ഷായണി എകെയ്ക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്ന കാരണത്താല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ നിയമനാംഗീകാരം നിരസിച്ചിരുന്നു. ഇതിനെതിരെ സ്‌കൂള്‍ മാനേജര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതി ഉത്തരവും പരിഗണിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ടെറ്റ് യോഗ്യത നിര്‍ബന്ധമല്ലെന്നിരിക്കെ, കെ-ടെറ്റ് ഇല്ലെന്ന പേരില്‍ നിയമനാംഗീകാരം തടഞ്ഞു വെക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍ന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ മുന്‍ ഉത്തരവ് റദ്ദാക്കി അധ്യാപികയുടെ നിയമനം 2025 ഏപ്രില്‍ ഒന്നു മുതല്‍ അംഗീകരിക്കാന്‍ കുമ്പള എഇഒയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

നേരത്തെ പല സാഹചര്യങ്ങളിലും കെ-ടെറ്റ് ഇല്ലെന്ന കാരണത്താല്‍ ന്യൂനപക്ഷ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളും പ്രഥമാധ്യാപക സ്ഥാനക്കയറ്റങ്ങളും നിരസിക്കപ്പെട്ടിരുന്ന പശ്ചാത്തലത്തില്‍, സര്‍ക്കാരിന്റെ ഈ പുതിയ ഉത്തരവ് നിര്‍ണായകമായ വഴിത്തിരിവാണ്. സംസ്ഥാനത്തെ ആയിരക്കണക്കിന് ന്യൂനപക്ഷ എയ്ഡഡ് സ്‌കൂളുകള്‍ക്കും അവിടുത്തെ അധ്യാപകര്‍ക്കും മാനേജ്മെന്റുകള്‍ക്കും നിയമപരമായ ആശ്വാസവും സുരക്ഷിതത്വവുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ പുതിയ ഉത്തരവിലൂടെ കൈവന്നിരിക്കുന്നതെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.