തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ അന്വേഷണം കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അടുത്തയാഴ്ച വീണ്ടും വീണയെ വിളിച്ചുവരുത്തി ഇ.ഡി ചോദ്യം ചെയ്യുമെന്നാണ് വിവരം.
85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതില്‍ ഫെമ ലംഘനമുണ്ടോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്. വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകള്‍ക്ക് വേണ്ടിയാണോയെന്നും സംശയം ഉയരുന്നുണ്ട്. വീണയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചുവെന്നാണ്. എന്നാല്‍ പണം എങ്ങനെ അയച്ചു, ആര്‍ക്ക് അയച്ചുവെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ ഇടപാടുകളുടെയും 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതിന്റെയും വിവരങ്ങളുണ്ടെന്ന് ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് നല്‍കാത്ത സേവനങ്ങള്‍ക്ക് പണം പറ്റിയെന്ന അന്വേഷണത്തില്‍ കോഴിക്കോട് ചൊവ്വാഴ്ച ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇ.ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
മെയ് 27ന് വീണയില്‍ നിന്നു പിടിച്ചെടുത്ത രേഖകളിലാണ് വീണ കൈപ്പടയിലെഴുതിയ കണക്കുകളുള്ളത്. പണം കൈകാര്യം ചെയ്തവരുടെയും ചെലവഴിച്ചവരുടെയും കൈമാറിയവരുടെയും പേരുകളും ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളും ഇതിലുണ്ട്.
യുഎഇ, ഇന്ത്യന്‍ കറന്‍സികളിലാണ് കണക്കുകള്‍. ഇന്റര്‍നെറ്റ് കോളുകള്‍ക്ക് വേണ്ടി വീണ സ്വന്തം പേരിലല്ലാത്ത സിം കാര്‍ഡ് വൈ ഫൈ റൗട്ടറിലൂടെ ഉപയോഗിച്ചു. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ ആയ നന്ദുലാലിന്റെ പേരിലാണ് സിം എടുത്തത്. 2014 മുതല്‍ നന്ദുലാലിന്റെ പേരിലുള്ള സിം വീണ ഉപോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
വീണയുടെ കുറിപ്പുകളില്‍ പറയുന്നവരുടെ വീടുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്. ഈ റെയ്ഡിലും നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. 15 വര്‍ഷത്തിനിടെ സിഎംആര്‍എല്‍ 182 കോടിയുടെ ദുരൂഹ ചെലവുകള്‍ നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന് നല്‍കിയ 2.78 കോടിയും ഇതില്‍ ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.