തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ കാലത്ത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിവന്നിരുന്ന ലോകകേരള സഭ ഇനിമുതല്‍ തുടരേണ്ടതില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചു. ലോകകേരള സഭയുടെ പേരില്‍ മുന്‍കാലങ്ങളില്‍ വന്‍ ധൂര്‍ത്താണ് നടന്നതെന്ന വിമര്‍ശനമാണ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ യുഡിഎഫ് ഉന്നയിച്ചിരുന്നത്. ഈ രാഷ്ട്രീയ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ലോകകേരള സഭയുടെ പേരില്‍ സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചതിനെത്തുടര്‍ന്ന് സഭ വീണ്ടും ചേരുമെന്ന രീതിയില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലുള്ള ലോകകേരളസഭാ സെക്രട്ടേറിയറ്റിന്റെ ഭരണപരമായ ചെലവുകള്‍ക്കായി 50 ലക്ഷം രൂപയും പ്രവാസിക്ഷേമ പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയും നോര്‍ക്കയുടെ നേതൃത്വത്തില്‍ ബിസിനസ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നതിനായി 50 ലക്ഷം രൂപയുമാണ് ഈ തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തി. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോകകേരളസഭാ സെക്രട്ടേറിയറ്റ് വൈകാതെ തന്നെ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം പ്രവാസി മലയാളികളുടെ കലാസാംസ്കാരിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും അടങ്ങുന്ന എല്ലാ മറുനാടന്‍ മലയാളികള്‍ക്കും അവരുടെ പ്രതിഭ തെളിയിക്കാനുള്ള വേദിയായി ആഗോള സാംസ്കാരികോത്സവം സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിനായി പ്രവാസികാര്യ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.