നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഡല്‍ഹി എസ്.ഐ.ആര്‍: 79.2 ലക്ഷം വോട്ടര്‍മാര്‍ പുറത്തേക്ക്; ജനവിധി അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഡല്‍ഹി എസ്.ഐ.ആര്‍: 79.2 ലക്ഷം വോട്ടര്‍മാര്‍ പുറത്തേക്ക്; ജനവിധി അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൃത്യമായ മാര്‍ഗരേഖകള്‍ അട്ടിമറിച്ച് ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ വന്‍തോതിലുള്ള ഒഴിവാക്കലുകള്‍ നടന്നെന്ന് വെളിപ്പെടുത്തല്‍. ഒരു പോളിങ് ബൂത്തില്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ ഒഴിവാക്കലുകള്‍ പാടില്ലെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് തലസ്ഥാനത്തെ 14,971 ബൂത്തുകളില്‍ ബഹുഭൂരിപക്ഷത്തിലും വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിനിരത്തിയത്. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം വെറും 51 ബൂത്തുകളില്‍ മാത്രമാണ് രണ്ട് ശതമാനം എന്ന മാനദണ്ഡം പാലിക്കപ്പെട്ടത്.

639 ബൂത്തുകളില്‍ പകുതിയിലധികം രജിസ്റ്റേര്‍ഡ് വോട്ടര്‍മാരെ ഒഴിവാക്കിയപ്പോള്‍, 29 ബൂത്തുകളില്‍ 70 ശതമാനത്തിലധികം പേര്‍ പട്ടികയ്ക്ക് പുറത്തായി. ഇതില്‍ ചേരി പ്രദേശങ്ങളിലെ ഒന്‍പത് ബൂത്തുകളില്‍ മാത്രം 87.87 ശതമാനം പേരുടെയും വോട്ടവകാശമാണ് ഇല്ലാതായത്. തലസ്ഥാനത്തെ ആകെയുള്ള 1.45 കോടി വോട്ടര്‍മാരില്‍ 79.2 ലക്ഷം പേരുടെ ഭാവി ഇതോടെ വലിയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 47.6 ലക്ഷം പേര്‍ പൂര്‍ണമായും പുറത്താക്കപ്പെട്ടപ്പോള്‍, 31.6 ലക്ഷം പേര്‍ക്ക് വോട്ടവകാശം തെളിയിക്കാനായി കമ്മിഷന്‍ നോട്ടീസ് നല്‍കി.

സാധാരണക്കാര്‍ വോട്ടര്‍ പട്ടികയില്‍ തിരിച്ചെത്താന്‍ നെട്ടോട്ടമോടുമ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള വി.ഐ.പികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കുന്നത് വന്‍ വിവേചനമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഒക്ടോബര്‍ 29 നകം മതിയായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള ഈ നീക്കം സാധാരണക്കാരുടെ വോട്ട് തടയാനുള്ള ഗൂഢശ്രമമാണോയെന്ന സംശയവും ശക്തമാണ്.

വിഷയം വലിയ രാഷ്ട്രീയ പോരിലേക്കാണ് വഴിവെച്ചിരിക്കുന്നത്. മുന്‍പ് ഒരു സംസ്ഥാനത്തെയും എസ്.ഐ.ആര്‍ പട്ടികയില്‍ ഇടംപിടിക്കാത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഡല്‍ഹിയിലെ വോട്ടര്‍ പട്ടികയില്‍ എങ്ങനെ ഉള്‍പ്പെട്ടുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ ചോദ്യം ചെയ്തു. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ അദേഹത്തിന്റെ പേര് മുന്‍പ് പ്രവര്‍ത്തിച്ച കേരളത്തിലോ ജന്മനാടായ യു.പിയിലോ ഡല്‍ഹിയിലോ ഉള്ള പട്ടികയിലില്ലെന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം ഇന്ത്യക്കാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തന്ത്രമാണ് എസ്.ഐ.ആര്‍ എന്ന് കോണ്‍ഗ്രസും ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് തിരഞ്ഞെടുപ്പ് അധികൃതര്‍ രംഗത്തെത്തി. നോട്ടീസുകള്‍ അയച്ചതുകൊണ്ട് വോട്ടവകാശം ഇല്ലാതാകുന്നില്ലെന്നും ഇ.സി.ഐ നെറ്റ് ആപ്പിലെ ഡേറ്റ കൃത്യമാക്കുന്നതിനാണ് പ്രക്രിയ നടത്തുന്നതെന്നും ഡല്‍ഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഡല്‍ഹിക്ക് പുറമെ ഒഡിഷയിലും സമാന രീതിയില്‍ 3.34 കോടി പേരില്‍ നിന്ന് 20 ലക്ഷത്തോളം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.