താമരപ്പാര്‍ട്ടിയില്‍ തമ്മിലടി മുറുകുന്നു; അസംതൃപ്തര്‍ രാജിക്കൊരുങ്ങുന്നു

താമരപ്പാര്‍ട്ടിയില്‍ തമ്മിലടി മുറുകുന്നു;  അസംതൃപ്തര്‍ രാജിക്കൊരുങ്ങുന്നു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റെങ്കിലും നേടുമെന്ന ഉറപ്പില്ലെങ്കിലും ബിജെപിയില്‍ ആഭ്യന്തര കലാപത്തിന് യാതൊരു കുറവുമില്ല. നേതാക്കള്‍ തമ്മില്‍ കീരിയും പാമ്പും പോലെയാണ്. ഒരാള്‍ക്ക് മറ്റൊരാളെ വിശ്വാസമില്ല.

കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും നേതൃത്വം നല്‍കുന്ന വിഭാഗത്തിനാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ അപ്രമാദിത്വം. അതാണ് എതിര്‍ ചേരിയിലുള്ള ശോഭാ സുരേന്ദ്രന് ഒരു സീറ്റ് ലഭിക്കാന്‍ ഇത്ര കാത്തിരിക്കേണ്ടി വന്നത്. പലര്‍ക്കും അര്‍ഹതപ്പെട്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

അതിനിടയിലാണ് ചെങ്ങന്നൂര്‍ സീറ്റ് തനിക്ക് നിഷേധിച്ചതിനു പിന്നില്‍ പാര്‍ട്ടി കേരള നേതൃത്വവും സി.പി.എമ്മും തമ്മിലുള്ള ഇടപാടാണെന്ന ഗുരുതര ആരോപണവുമായി ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍. ബാലശങ്കര്‍ രംഗത്തെത്തിയത്.

ചെങ്ങന്നൂരും ആറന്മുളയും ജയിക്കാന്‍ സി.പി.എമ്മിനെ സഹായിക്കും, പകരം കോന്നിയില്‍ സുരേന്ദ്രന് ജയം ഉറപ്പാക്കും. ഇതാണ് ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുണ്ടാക്കിയ കരാര്‍. ഈനില തുടര്‍ന്നാല്‍ അടുത്ത മുപ്പതുകൊല്ലം ബി.ജെ.പി.ക്ക് കേരളത്തില്‍ ഒന്നും കിട്ടാന്‍ പോകുന്നില്ലെന്നും ബാലശങ്കര്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും മാഫിയാ സംഘത്തെപ്പോലെയാണ് കേരളത്തില്‍ ബി.ജെ.പിയെ നയിക്കുന്നതെന്നും ബാലശങ്കര്‍ പിന്നീട് ആരോപിച്ചു.

ബാലശങ്കറിന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ അവര്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മറുപടി നല്‍കി. സി.പി.എമ്മിന് അത്തരം ഇടപാടുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ജനാധിപത്യമില്ലെന്ന ബാലശങ്കറിന്റെ ആക്ഷേപത്തിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് കഴിഞ്ഞദിവസം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച ന്യൂനപക്ഷമോര്‍ച്ചാ നേതാവ് കെ.എ. നസീറിന്റെയും നിലപാടുകള്‍. മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് നിരവധി നേതാക്കളെത്തും എന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുമ്പോഴും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പോകാന്‍ തയ്യാറെടുക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.