സൂറിച്ച്: ഹൃദ്രോഗ ചികിത്സയിലും കാർഡിയാക് ഇമേജിങ് രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങളുമായി രാജ്യാന്തര തലത്തിൽ മലയാളി സാന്നിധ്യം അടയാളപ്പെടുത്തുകയാണ് സ്വിറ്റ്സർലൻഡിലെ സൂറിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. അജു പോൾ പഴേൻകോട്ടിൽ. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കാർഡിയാക് ഇമേജിങ് രംഗത്ത് നൽകിയ സംഭാവനകൾക്ക് ഇന്ത്യയിൽനിന്നുള്ള പുതിയ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.
ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (SGPGIMS) ന്യൂക്ലിയർ മെഡിസിൻ വിഭാഗമാണ് അജു പോളിനെ ‘Award of Honour’ നൽകി ആദരിച്ചത്. സെപ്റ്റംബർ 19ന് നടന്ന വിഭാഗത്തിന്റെ 37-മത് സ്ഥാപകദിനാഘോഷത്തിലായിരുന്നു പുരസ്കാര സമർപ്പണം. സൂറിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കാർഡിയാക് ഇമേജിങ് രംഗത്ത് നൽകിയ മുൻനിര സംഭാവനകൾ പരിഗണിച്ചാണ് ആദരമെന്ന് പുരസ്കാരഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഥാപകദിനത്തോടനുബന്ധിച്ച് ‘Beyond the Visible: Precision Cardiovascular Medicine through Imaging’ എന്ന വിഷയത്തിൽ അജു പോൾ പ്രഭാഷണവും നടത്തി. ഹൃദ്രോഗ നിർണയത്തിലും ചികിത്സയിലും ആധുനിക ഇമേജിങ് സാങ്കേതികവിദ്യകൾ തുറക്കുന്ന പുതിയ സാധ്യതകളായിരുന്നു പ്രഭാഷണത്തിന്റെ പ്രമേയം.
സൂറിച്ച് യൂണിവേഴ്സിറ്റി സൂറിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ ഫിസിഷ്യനും പ്രൊഫസറുമായി പ്രവർത്തിക്കുന്ന അജു പോൾ, കാർഡിയാക് സിടി, എംആർഐ, പെറ്റ്, സ്പെക്റ്റ് (Cardiac CT, MRI, PET, SPECT) ഉൾപ്പെടെയുള്ള നൂതന പരിശോധനാരീതികളിൽ വൈദഗ്ധ്യം നേടിയ ഹൃദ്രോഗ വിദഗ്ധനാണ്. രോഗനിർണയവും ഗവേഷണവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാർഡിയാക് ഇമേജിങ് രംഗത്ത് ശ്രദ്ധേയമാണ്.
ഇതിനൊപ്പം വൈദ്യശാസ്ത്രലോകത്ത് അപൂർവമായ മറ്റൊരു ഉത്തരവാദിത്തവും അജു പോൾ വഹിക്കുന്നു. ഫ്രാൻസിലെ ലൂർദിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അസാധാരണ രോഗസൗഖ്യങ്ങൾ വൈദ്യശാസ്ത്രപരമായി വിലയിരുത്തുന്ന International Medical Committee of Lourdes-ലേക്ക് അദ്ദേഹത്തെ നിയോഗിച്ചിട്ടുണ്ട്. രോഗസൗഖ്യത്തിന് നിലവിലുള്ള വൈദ്യശാസ്ത്ര അറിവിന്റെ അടിസ്ഥാനത്തിൽ വിശദീകരണം കണ്ടെത്താനാകുമോ എന്നതാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. രോഗചരിത്രം, ചികിത്സാരേഖകൾ, പരിശോധനാഫലങ്ങൾ എന്നിവ വിശദമായി വിലയിരുത്തിയാണ് നിഗമനത്തിലെത്തുന്നത്.
ആധുനിക ഹൃദ്രോഗ ചികിത്സയുടെ സങ്കീർണമായ മേഖലയിൽ ഗവേഷകനായും ചികിത്സകനായും മുന്നേറുന്നതിനൊപ്പം ഇത്തരം രാജ്യാന്തര ഉത്തരവാദിത്തങ്ങളിലും സാന്നിധ്യമറിയിക്കുന്ന അജു പോളിന്റെ നേട്ടങ്ങൾ സ്വിറ്റ്സർലൻഡിലെയും യൂറോപ്പിലെയും മലയാളി സമൂഹത്തിനും അഭിമാനമാകുന്നു.
സാമൂഹിക സേവനരംഗത്തും സജീവമായ പ്രൊഫ. ഡോ. അജു പോൾ പഴേൻകോട്ടിൽ ‘ദാനം’ ചാരിറ്റബിൾ സംഘടനയുടെ സ്ഥാപകരിലൊരാളാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സഹായം ആവശ്യമുള്ള കുടുംബങ്ങൾക്കും കൈത്താങ്ങാകുന്നതിനൊപ്പം, കുട്ടികളുടെയും വിദ്യാർഥികളുടെയും വിദ്യാഭ്യാസത്തിനും ഭാവിക്കും പിന്തുണ നൽകുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വൈദ്യശാസ്ത്ര രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിലെ ആവശ്യക്കാരിലേക്ക് സഹായമെത്തിക്കുന്ന സേവനപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ലഖ്നൗവിൽ ലഭിച്ച പുതിയ ആദരം ആ യാത്രയിലെ മറ്റൊരു ശ്രദ്ധേയ അംഗീകാരമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.