സംസ്ഥാനത്ത് പവര്‍കട്ട് ഭീഷണി ഏറുന്നു: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കൈയൊഴിഞ്ഞു; പ്രതീക്ഷ ഇനി മഴയില്‍

സംസ്ഥാനത്ത് പവര്‍കട്ട് ഭീഷണി ഏറുന്നു: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കൈയൊഴിഞ്ഞു; പ്രതീക്ഷ ഇനി മഴയില്‍

തിരുവനന്തപുരം: കനത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തല്‍കാലം ആശ്വാസമില്ല. ക്ഷാമത്തിന് പരിഹാരം കാണാന്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ ഡല്‍ഹി, യു.പി, ഒഡിഷ, ഹിമാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളുമായി നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞു. കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ഹിമാചല്‍ പ്രദേശില്‍ നിന്ന് പ്രതീക്ഷിച്ച സഹായവും വൈകും. ഒക്ടോബര്‍ വരെ പഞ്ചാബുമായി കരാറുള്ളതിനാല്‍ അതിനുശേഷമേ കേരളത്തിന് വൈദ്യുതി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കൂ എന്ന് ഹിമാചല്‍ അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

വൈദ്യുതി നിലയങ്ങളിലെ സാങ്കേതിക തകരാറുകള്‍ കാരണം ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കേണ്ട 270 മെഗാവാട്ട് മുടങ്ങിയതും തിരിച്ചടിയായി. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 600 മെഗാവാട്ടിന്റെ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ഈ തകരാറുകള്‍ ബുധനാഴ്ചയോടെ പരിഹരിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പലയിടങ്ങളിലും മഴ പെയ്തിട്ടും പ്രതിദിന ഉപയോഗം ഒന്‍പത് കോടി യൂണിറ്റായി ഉയര്‍ന്ന അളവില്‍ തുടരുന്നതും സ്ഥിതി വഷളാക്കുന്നു.

തത്സമയ വിപണിയില്‍നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഘട്ടമായുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിലാണ് ഇനി ഏക പ്രതീക്ഷ. മഴ ശക്തമായി ഉപയോഗം കുറഞ്ഞാല്‍ മാത്രമേ പവര്‍കട്ട് ഒഴിവാക്കാനാകൂ.

അതേസമയം ഉത്തരേന്ത്യന്‍ പര്യടനം പൂര്‍ത്തിയാക്കി ഡയറക്ടര്‍മാര്‍ 25 ന് തിരിച്ചെത്തിയ ശേഷം 26 ന് കേന്ദ്ര ഊര്‍ജ സെക്രട്ടറി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.