സിഎംആര്‍എല്‍ ഡയറി തിരിച്ചടിയായി: ഷോണ്‍ ജോര്‍ജിന്റെ നടപടിയിലെ അതൃപ്തി പരസ്യമാക്കി വി. മുരളീധരന്‍

സിഎംആര്‍എല്‍ ഡയറി തിരിച്ചടിയായി: ഷോണ്‍ ജോര്‍ജിന്റെ നടപടിയിലെ അതൃപ്തി പരസ്യമാക്കി വി. മുരളീധരന്‍

തൃശൂര്‍: മാസപ്പടികേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് സിഎംആര്‍എല്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തയുടെ ഡയറി പുറത്തുവിട്ട സംഭവത്തില്‍ വെട്ടിലായി ബിജെപി. ഡയറിയില്‍ ബിജെപി നേതാവ് വി. മുരളീധരന്റെ പേര് വന്നതാണ് തിരിച്ചടിയായത്.

സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ ഷോണ്‍ സ്വന്തം ഇഷ്ടപ്രകാരം വാര്‍ത്താ സമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തു വിട്ടത് ബിജെപി നേതാക്കള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

സംഭവത്തില്‍ പാര്‍ട്ടിയിലെ വി മുരളീധരന്‍ പക്ഷവും കൃഷ്ണദാസ് വിഭാഗവും അമര്‍ഷം രേഖപ്പെടുത്തി. ഷോണിന്റെ എടുത്തുചാട്ടം പാര്‍ട്ടിയെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന ആരോപണവും ശക്തമാണ്.

സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തു വിട്ടതിലൂടെ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ ആയിരുന്നു ഷോണ്‍ ജോര്‍ജ് ലക്ഷ്യമിട്ടത്. എന്നാല്‍ ഈ ഡയറില്‍ മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്റെ പേര് പുറത്തു വന്നത് ബിജെപിക്ക് തിരിച്ചടിയായി.

സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡയറിയിലെ തന്റെ പേര് നിഷേധിച്ച മുരളീധരന്‍ ആകെ ഒരു മുരളീധരന്‍ മാത്രമേ ബിജെപിയില്‍ ഉള്ളോ എന്നും വേറെയും മുരളീധരന്മാരുണ്ടെന്നും പ്രതികരിച്ചിരുന്നു.

ഷോണ്‍ ജോര്‍ജ് വെട്ടിലാക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഷോണ്‍ ജോര്‍ജ് വെട്ടിലാക്കിയാല്‍ അതില്‍ വീഴുന്ന ആളല്ല താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിഎംആര്‍എല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും പണം വാങ്ങിയിട്ടില്ലെന്നും വി. മുരളീധരന്‍ ആവര്‍ത്തിച്ചു.

എന്നാല്‍ ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട ഡയറിയുടെ ആധികാരികതയെ കുറിച്ച് തന്നോടല്ല അദ്ദേഹത്തോടെ തന്നെ ചോദിക്കണമെന്നാണ് വി. മുരളീധരന്റെ ഇന്നത്തെ പ്രതികരണം. എന്തിനാണ് രേഖ പുറത്തുവിട്ടതെന്ന് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.