വൈദ്യുതി വിപണിയില്‍ വിലക്കയറ്റം: ഒക്ടോബറില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് സാധ്യതയേറുന്നു

വൈദ്യുതി വിപണിയില്‍ വിലക്കയറ്റം: ഒക്ടോബറില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് സാധ്യതയേറുന്നു

തിരുവന്തപുരം: വരും ദിവസങ്ങളില്‍ മഴ മാറി ചൂട് വര്‍ധിച്ചാല്‍ ഒക്ടോബര്‍ മാസത്തില്‍ കേരളം കനത്ത വൈദ്യുതി ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ശ്രമം നടത്തിയിരുന്നുവെങ്കിലും ആവശ്യമായ അളവില്‍ വൈദ്യുതി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടക്കത്തില്‍ 300 മെഗാവാട്ട് ആവശ്യപ്പെട്ടതില്‍ 88 മെഗാവാട്ട് മാത്രമാണ് ലഭ്യമായത്. ഇതിനെത്തുടര്‍ന്ന് 600 മെഗാവാട്ടിനായി വീണ്ടും ക്ഷണിച്ച ടെന്‍ഡറില്‍ വളരെ കുറച്ച് കമ്പനികള്‍ മാത്രമാണ് താല്‍പര്യം പ്രകടിപ്പിച്ചത്. കമ്പനികള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന വില കണക്കിലെടുത്ത് കരാറുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍.

വാര്‍ഷിക ഉപയോഗത്തില്‍ സാധാരണയായി ആറ് ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കാറുള്ളതെങ്കിലും സെപ്റ്റംബറിലെ ഉപയോഗം 18 ശതമാനമായി ഉയര്‍ന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഈ നിരക്കില്‍ വൈദ്യുതി ഉപയോഗം തുടര്‍ന്നാല്‍ ഒക്ടോബറിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവാത്ത അവസ്ഥയിലാകും. ഒക്ടോബര്‍ പകുതിയോടെ തുലാമഴ എത്തുമായിരിക്കും എന്ന പ്രതീക്ഷയുണ്ടെങ്കിലും എല്‍-നിനോ പ്രഭാവം കാരണം മഴ ലഭ്യത കുറയാന്‍ സാധ്യതയേറെയാണ്.

മറ്റ് സംസ്ഥാനങ്ങളുമായുള്ള കൈമാറ്റക്കരാര്‍ വഴി താല്‍കാലികമായി ലഭിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്ക് പ്രതിസന്ധിക്ക് പരിഹാരമാകില്ല. തിരിച്ചുകൊടുക്കേണ്ടി വരുന്ന വൈദ്യുതി ഭാവിയില്‍ വലിയ ബാധ്യതയാകും. വടക്കേന്ത്യയില്‍ മഴ ലഭിച്ചതിനെ തുടര്‍ന്ന് തത്സമയ വിപണിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ സാധിച്ചതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പവര്‍കട്ട് ഒഴിവാക്കാന്‍ സഹായിച്ചത്. എന്നാല്‍ കാലവര്‍ഷം പിന്‍വാങ്ങുന്നതോടെ വടക്കന്‍ സംസ്ഥാനങ്ങളിലും മഴ കുറയുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് വരും ദിവസങ്ങളില്‍ പ്രതിസന്ധിയുടെ ആഴം കൂട്ടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.